ഇംഫാൽ: മണിപ്പൂരിൽ യുവാക്കളെ സൈന്യം കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് ലഫ്റ്റനന്റ് ഗവർണറുടെ സത്യവാങ്മൂലം. മണിപ്പൂർ ഹൈക്കോടതിയാണ് ലഫ്.കേണൽ ധരംവീർ സിങ് സത്യവാങ്മൂലം സമർപ്പിച്ചത്. മണിപ്പൂരിലെ നിരപരാധിയായ ജനങ്ങളെ വ്യാജ ഏറ്റുമുട്ടലിലൂടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ധരംവീർ സിങ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. സത്യവാങ്മൂലത്തിന്റെ പകർപ്പ് ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട് കോമിന് ലഭിച്ചു. ധരംവീർ സിങ്ങിന്റെ സത്യവാങ്മൂലത്തിൽ ഓഗസ്റ്റ് ഒന്നിനു മുൻപ് സൈന്യം മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

2010 മാർച്ച് 10 നാണ് മണിപ്പൂർ സ്വദേശികളായ ഫിജാം നയോബി, ആർ.കെ.റോണൽ, പ്രേം എന്നീ മൂന്നു യുവാക്കളെ നാഗാലൻഡിലെ ദിമാപൂരിൽനിന്നും സൈന്യത്തിലെ 3 കോർപ്സ് ഇന്റലിജൻസ് സംഘം പിടിച്ചു കൊണ്ടുപോയത്. ഇവരെ പിന്നീട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 2016 സെപ്റ്റംബർ 9 ന് ഇതുസംബന്ധിച്ച് പരാതി നൽകി. പക്ഷേ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദംമൂലം തനിക്ക് പരാതി പിൻവലിക്കേണ്ടി വന്നെന്നും സിങ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

3 കോർപ്സ് ഇന്റലിജൻസ് യൂണിറ്റിലെ ഒരു സംഘമാണ് മൂന്നു വ്യാജ ഏറ്റുമുട്ടലുകളും നടത്തിയത്. 2010 ഫെബ്രുവരി 5 ന് മറ്റൊരു വ്യാജ ഏറ്റുമുട്ടലിലൂടെ രണ്ടു യുവാക്കളെ കൊന്നു. മണിപ്പൂർ സ്വദേശിയായ എസ്ടി ഡൊമിനിക് കോളേജ് വിദ്യാർത്ഥി സതീഷിനെയും അയാളുടെ സുഹൃത്തിനെയും ഷില്ലോങ്ങിൽനിന്നും ഇതേ ടീം കൂട്ടിക്കൊണ്ടു പോവുകയും മാസിംപൂരിലെ വനത്തിനുളളിൽവച്ച് കൊല്ലുകയുമയിരുന്നു. ഫെബ്രുവരി 23 ന് സതീഷിന്റെ മാതാപിതാക്കൾ മണിപ്പൂർ ഡിജിപിക്ക് മകനെ കാണാനില്ലെന്ന പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

ഓഗസ്റ്റ് 18 ന് പീപ്പിൾ ലിബറേഷൻ ആർമി ഭീകരൻ (പിഎൽഎ) ജിതേശ്വറിനെയും അയാളുടെ സുഹൃത്തിനെയും ദിമാപൂരിൽ എസ്എം കോളേജിന് സമീപത്തെ വാടക കെട്ടിടത്തിൽനിന്നും പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. രണ്ടുപേരുടെയും മൃതദേഹം കുഴിച്ചുമൂടി. അതെവിടെയാണെന്ന് 3 കോർപ്സ് ഇന്റലിജൻസ് യൂണിറ്റ് സംഘത്തിലെ ചിലർക്ക് മാത്രമേ അറിയാവൂവെന്നും സത്യവാങ്ങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.

ദിമാപൂരിൽനിന്നും സ്ത്രീയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയശേഷം കുടുംബത്തിൽനിന്നും 1 കോടി രൂപ മോചനദ്രവ്യം വാങ്ങിയിട്ട് വിട്ടയച്ചതും ഇതേ ടീമാണെന്നും സത്യവാങ്മൂലത്തിൽ ആരോപണമുണ്ട്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും ധരംവീർ സിങ് സത്യവാങ്മൂലത്തിൽ
പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook