ശ്രീനഗർ: കല്ലേറ് ചെറുക്കാൻ കശ്മീരി യുവാവിനെ മനുഷ്യകവചമായി ജീപ്പിനു മുന്നിൽ കെട്ടിയിട്ട കേസിൽ‌ സൈനിക ഉദ്യോഗസ്ഥൻ മേജർ നിതിൻ ഗോകലിന് ക്ലീൻ ചിറ്റ്. ആർമി കോർട്ട് ഓഫ് എൻക്വയറി (സിഒഐ) ആണ് സംഭവത്തിൽ അന്വേഷണം നടത്തി ഉദ്യോഗസ്ഥന് ക്ലീൻ ചീറ്റ് നൽകിയത്. സംഭവ സ്ഥലത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രാഷ്ട്രീയ റൈഫിൾസ് മേജറാണ് നിതിൻ.

തിരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടാകുകയും ചെയ്തപ്പോൾ അവരെ രക്ഷപ്പെടുത്താനാണ് പ്രസതുത നടപടി സ്വീകരിച്ചതെന്നുമായിരുന്നു മേജറുടെ വിശദീകരണം. ഈ വിശദീകരണം അന്വേഷണ സംഘം അംഗീകരിക്കുകയായിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ സംഘം അഭിനന്ദിച്ചുവെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തില്‍ ലക്ഷ്യം നേടുകയെന്നതിനാണ് കൂടുതല്‍ പ്രാധാന്യമെന്നും അതിന് ഉദ്യോഗസ്ഥന്മാര്‍ വ്യത്യസ്തമായ രീതികള്‍ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നുമാണ് അന്വേഷണ സംഘം സ്വീകരിച്ച നിലപാട്.

കശ്മീരിലെ കല്ലേറിനെ പ്രതിരോധിക്കാനെന്ന പേരില്‍ യുവാവിനെ ജീപ്പിനു മുമ്പില്‍ കെട്ടിയിട്ടു യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വലിയ വിവാദമായിരുന്നു. ബഡ്ഗാമിലെ ഖാൻസാഹിബ് നിവാസിയായ ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ ഏപ്രിൽ ഒൻപതിനു സേനാവാഹനത്തിനു മുന്നിൽ കെട്ടിയിട്ടത്. കല്ലെറിയുന്നവരുടെ വിധി ഇങ്ങനെയായിരിക്കുമെന്ന് ഒരു സൈനികൻ പറയുന്നതും വിഡിയോയിൽ കേൾക്കാമായിരുന്നു. ഇതേത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് ആരോപണ വിധേയനായ 53 രാഷ്ട്രീയ റൈഫിള്‍സിലെ മേജറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യം അന്വേഷണ സംഘത്തിനു രൂപം കൊടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ