ചണ്ഡീഗഡ്: ഹരിയാനയിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിലൊരാൾ സൈനികനെന്ന് പൊലീസ്. രാജസ്ഥാനിൽ പോസ്റ്റിങ്ങിലുളള ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം തിരിച്ചിട്ടുണ്ടെന്നും ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്നും ഹരിയാന ഡിജിപി ബി.എസ്. സന്ധു പറഞ്ഞു. മറ്റു രണ്ടു പ്രതികൾക്കായുളള തിരച്ചിൽ ഊർജിതമാണ്. ഉടൻ തന്നെ ഇവരെയും പിടികൂടുമെന്നും ഡിജിപി പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ പെൺകുട്ടിയാണ് ഹരിയാനയിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. ബസ് സ്റ്റാന്റിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുശേഷം പ്രതികൾ പെൺകുട്ടിയെ അതേ ബസ് സ്റ്റാന്റിൽ കൊണ്ടുവിടുകയും ചെയ്തിരുന്നു.
അതേസമയം, 10 ലധികം പേർ ചേർന്നാണ് മകളെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ഞെട്ടലിലാണ് മകളെന്നും പ്രതികൾ സ്വതന്ത്രരായി പുറത്ത് കറങ്ങുമ്പോഴും പൊലീസ് അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
Read: 19 കാരിയെ തട്ടിക്കൊണ്ടുപോയത് ബസ് സ്റ്റോപ്പിൽവച്ച്; ബലാത്സംഗം ചെയ്തത് 12 പേർ
ബലാത്സംഗത്തിൽ പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. റിവാരിയിലെ ആശുപത്രിയിൽ ചികിൽസയിലാണ് പെൺകുട്ടി.