ന്യൂഡൽഹി: മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽജയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കരസേന മേജർ നിഖിൽ ഹന്ദയ്‌ക്ക് എതിരെ ശക്തമായ തെളിവുകൾ. ഇയാൾക്ക്  ഡൽഹിയിൽ മാത്രം മൂന്നു കാമുകിമാർ ഉണ്ടായിരുന്നുവെന്നും ഇവരിലൊരാളെ കൊലപാതകത്തിന്റെ വിവരം വിളിച്ചറിയിച്ചുവെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്.

കൊലപാതകത്തിന് ശേഷം ഇയാൾ നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളിൽ നിന്നാണ് ഇക്കാര്യം മനസിലായത്. എന്നാൽ തമാശയാകുമെന്ന് കരുതിയാണ് വിവരം പൊലീസിനെ വിളിച്ചറിയിക്കാതിരുന്നതെന്നാണ് ഇവർ അന്വേഷണ സംഘത്തിന് മറുപടി നൽകിയിരിക്കുന്നത്.

ഈ സ്ത്രീയെ വിളിച്ച ശേഷം നിഖിൽ സഹോദരനെ വിളിച്ചതായും വ്യക്തമായിട്ടുണ്ട്. ഇവരിരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് അന്വേഷണം. എന്നാൽ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞ് അന്വേഷണ സംഘത്തെ കുഴയ്‌ക്കുകയാണ് മേജർ ഹന്ദ.

വിവാഹം ചെയ്യണമെന്ന നിഖിലിന്റെ ആവശ്യം നിരസിച്ചതിനാലാണു കൊലപാതകമെന്നാണു പൊലീസ് നിഗമനം. ജൂൺ നാലിന് സൈനിക ആശുപത്രിയിൽ തലവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ ഹന്ദയും കൊല്ലപ്പെട്ട ഷൈൽജയും തമ്മിൽ സംസാരിച്ചിരുന്നു. ഇതാണ് ഷൈൽജയെ കാണാതായതിനെ തുടർന്നുളള അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇരുവരും സംസാരിച്ചത് പൊലീസിനെ മേജർ അമിത് അറിയിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും കൊല നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ