ന്യൂഡൽഹി: വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ മേജർ നിഖിൽ ഹൻഡ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നതായി റിപ്പോർട്ട്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മേജറുടെ ഭാര്യയെ ശല്യം ചെയ്‌തിരുന്നു. അവർ അത് നിരസിച്ചതു മൂലമുളള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് എൻഡിവി റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്‌ചയാണ് മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽജ ദ്വിവേദിയെ ഡൽഹി കന്റോൺമെന്റ് ഏരിയയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മേജർ നിഖിൽ ഹൻഡയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഷൈൽജയുടെ കഴുത്തറുത്തശേഷം അവരുടെ ശരീരത്തിലൂടെ മേജർ ഹൻഡ കാർ കയറ്റി ഇറക്കിയെന്നും പൊലീസ് പറയുന്നു.

2015 ൽ നാഗാലൻഡിൽ വച്ചാണ് മേജർ ഹൻഡയും ഷൈൽജയും പരിചയപ്പെടുന്നത്. അന്നു മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. ഷൈൽജയുടെ ഭർത്താവ് മേജർ അമിത് ദ്വിവേദിക്ക് ഡൽഹിക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും ഹൻഡയും ഷൈൽജയും സൗഹൃദം തുടർന്നു.

ഫോണിൽ നിരന്തരം ഇരുവരും സംസാരിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരിക്കൽ ഇരുവരും തമ്മിൽ വീഡിയോ കോളിൽ സംസാരിക്കുന്നത് മേജർ ദ്വിവേദി കണ്ടു. ആ സംഭവത്തിനുപിന്നാലെ തന്റെ ഭാര്യയുമായി അടുപ്പം വേണ്ടെന്ന് മേജർ ഹൻഡയോട് മേജർ ദ്വിവേദി വിലക്കിയതായി ഡൽഹി പൊലീസിലെ ഒരു ഓഫിസർ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മേജർ ദ്വിവേദിയുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്‌ച ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും മേജർ ഹൻഡയെ അറസ്റ്റ് ചെയ്‌തത്. ശനിയാഴ്‌ച ഡൽഹിയിലെത്തിയ മേജ ഹൻഡ ഷൈൽജയോട് കാണണമെന്ന് പറഞ്ഞു. അന്ന് ആർമി ഹോസ്‌പിറ്റലിൽ ഫിസിയോതെറാപ്പിക്ക് പോയ ഷൈൽജ അതിനുശേഷം മേജർ ഹൻഡയെ കണ്ടു. ഇരുവരും കാറിൽ യാത്ര ചെയ്യുന്നതിനിടെ രൂക്ഷമായ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന് മേജർ ഹൻഡ ആവശ്യപ്പെട്ടു. ഷൈൽജ അതിന് സമ്മതിച്ചില്ല. എത്ര പറഞ്ഞിട്ടും ഷൈൽജ വഴങ്ങാതിരുന്നതോടെ കത്തി കൊണ്ട് കഴുത്തു മുറിച്ചു. അതിനുശേഷം കാറിൽനിന്നും തളളിയിടുകയും ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു.

മേജർ ഹൻഡയ്‌ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കൊല്ലപ്പെട്ട 35 കാരിയായ ഷൈൽജയ്‌ക്ക് ആറു വയസ്സുളള മകനാണുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook