ന്യൂഡൽഹി: കരസേന മേജറുടെ ഭാര്യ ഷൈൽജ ദ്വിവേദിയെ മേജർ നിഖിൽ ഹൻഡ കഴിഞ്ഞ ആറു മാസത്തിനിടെ വിളിച്ചത് 3000 കോളുകൾ. കഴിഞ്ഞ ജനുവരി മുതലുളള കോളുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു ദിവസം 10 മുതൽ 15 എസ്എംഎസ്സുകളും മേജർ നിഖിൽ അയയ്‌ക്കാറുണ്ടെന്നും ഷൈൽജയ്‌ക്ക് സമ്മാനമായി ഒരു ഫോൺ നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. തന്നെ വിവാഹം കഴിക്കണമെന്ന് മേജർ ഹൻഡ സമ്മർദ്ദം തുടങ്ങിയതോടെ ഷൈൽജ കോളുകൾ റിജക്‌ട് ചെയ്‌തിരുന്നുവെന്നും കോൾ വിവരങ്ങളിൽനിന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്‌ചയാണ് മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽജ ദ്വിവേദി (30)യെ ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപം ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം വാഹന അപകടമാണെന്ന് കരുതിയെങ്കിലും കഴുത്തറുത്തതായി മനസ്സിലാക്കിയതോടെയാണ് കൊലപാതകമെന്നു വ്യക്തമായത്. സംഭവത്തിൽ മേജർ നിഖിൽ ഹൻഡയെ മീററ്റിൽനിന്നു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു.

മോഡലായ ഷൈൽജ 2009 ലാണ് മേജർ അമിത് ദ്വിവേദിയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആറു വയസ്സുളള ഒരു മകനുണ്ട്. 2017 ലെ മിസിസ് ഇന്ത്യ എർത്ത് സൗന്ദര്യ മൽസരത്തിലെ ഫൈനൽ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഷൈൽജ. അമൃത്സറിൽ ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റിയിൽ അഞ്ചു വർഷം അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ക്യാച്ച് ആന്റ് കെയർ എന്ന എൻജിഒയിലും പ്രവർത്തിച്ചിട്ടുണ്ട്.

2015 ൽ നാഗാലൻഡിൽ വച്ചാണ് മേജർ ഹൻഡയും ഷൈൽജയും പരിചയപ്പെടുന്നത്. അന്നു മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. ഷൈൽജയുടെ ഭർത്താവ് മേജർ അമിത് ദ്വിവേദിക്ക് ഡൽഹിക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും ഹൻഡയും ഷൈൽജയും സൗഹൃദം തുടർന്നു.

ഫോണിൽ നിരന്തരം ഇരുവരും സംസാരിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരിക്കൽ ഇരുവരും തമ്മിൽ വീഡിയോ കോളിൽ സംസാരിക്കുന്നത് മേജർ ദ്വിവേദി കണ്ടു. ആ സംഭവത്തിനുപിന്നാലെ തന്റെ ഭാര്യയുമായി അടുപ്പം വേണ്ടെന്ന് മേജർ ഹൻഡയോട് മേജർ ദ്വിവേദി വിലക്കിയതായി ഡൽഹി പൊലീസിലെ ഒരു ഓഫിസർ പറഞ്ഞു.

മേജർ ദ്വിവേദിയുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്‌ച ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും മേജർ ഹൻഡയെ അറസ്റ്റ് ചെയ്‌തത്. ശനിയാഴ്‌ച ഡൽഹിയിലെത്തിയ മേജ ഹൻഡ ഷൈൽജയോട് കാണണമെന്ന് പറഞ്ഞു. അന്ന് ആർമി ഹോസ്‌പിറ്റലിൽ ഫിസിയോതെറാപ്പിക്ക് പോയ ഷൈൽജ അതിനുശേഷം മേജർ ഹൻഡയെ കണ്ടു. ഇരുവരും കാറിൽ യാത്ര ചെയ്യുന്നതിനിടെ രൂക്ഷമായ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന് മേജർ ഹൻഡ ആവശ്യപ്പെട്ടു. ഷൈൽജ അതിന് സമ്മതിച്ചില്ല. എത്ര പറഞ്ഞിട്ടും ഷൈൽജ വഴങ്ങാതിരുന്നതോടെ കത്തി കൊണ്ട് കഴുത്തു മുറിച്ചു. അതിനുശേഷം കാറിൽനിന്നും തളളിയിടുകയും ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. 40 കാരനായ മേജർ ഹൻഡയ്‌ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook