ശ്രീനഗര്‍: കശ്മീരില്‍ യുവാവിനെ ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട് ഗ്രാമങ്ങള്‍ തോറും പ്രദക്ഷിണം ചെയ്യാന്‍ ഉത്തരവിട്ട മേജറെ ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും ഒരു സ്ത്രീയോടൊപ്പം പിടികൂടി. ഇദ്ദേഹത്തെ പിടികൂടിയ പൊലീസ് സൈനിക യൂണിറ്റിന് കൈമാറി. അസമില്‍ നിന്നുള്ള മേജര്‍ ലീതുല്‍ ഗൊഗോയ് ആണ് പിടിയിലായത്. 2017ല്‍ ബദ്ഗാം ജില്ലയില്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുമ്പില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ട മേജറായിരുന്നു ഇദ്ദേഹം. മേജറെ പിന്നീട് സൈന്യം ആദരിക്കുകയും ചെയ്തു.

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവച്ച് ഗ്രാമങ്ങള്‍ തോറും പ്രദക്ഷിണം ചെയ്യുന്ന ദൃശ്യം പ്രചരിച്ചതോടെ സൈന്യം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ദൃശ്യം പുറത്തുവന്നതിന്റെ പിറ്റെ ദിവസം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കരസേന ഉത്തരവിട്ടിരുന്നു. ‘കല്ലെറിയുന്നവരുടെ അനുഭവം ഇതായിരിക്കും,’ എന്ന പ്രഖ്യാപനം ദൃശ്യത്തിന്റെ പശ്ചാത്തലമായി കേട്ടിരുന്നു. ‘അടിച്ചമര്‍ത്തുന്നവരില്‍ നിന്നും പ്രതീക്ഷിക്കാവുന്ന നടപടി’ എന്ന് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ച ഈ സംഭവത്തെ തുടര്‍ന്ന് കാശ്മീരിലെങ്ങും വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവാനും ഈ സംഭവം കാരണമായി.

മേജര്‍ ലീതുല്‍ ഗൊഗോയ് ഉത്തരവിട്ട ഈ നീക്കത്തെ സര്‍ക്കാരും സൈന്യവും ന്യായീകരിച്ചിരുന്നു. കല്ലെറിയുന്നവരില്‍ നിന്നും സ്വയം സംരക്ഷിക്കാന്‍ സേനകള്‍ക്ക് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൈനിക മേധാവികള്‍ തന്നെ വ്യക്തമാക്കി. ബുര്‍ഹാന്‍ വാനിയെ കൊന്നതിന് ശേഷം താഴ്‌വരയില്‍ നടക്കുന്ന ഏറ്റവും രൂക്ഷവും സാധാരണവുമായ പ്രതിഷേധ രൂപമാണ് കല്ലെറിയല്‍.

ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നല്ല കാര്യമാണ് ചെയ്തതെന്നും ഒരു മോശം സാഹചര്യം ഒഴിവാക്കിയെന്നും പറഞ്ഞുകൊണ്ട് അറ്റോര്‍ണി ജനറല്‍ മുഗള്‍ റോത്തഗിയും സംഭവത്തെ ന്യായീകരിച്ചിരുന്നു. വോട്ടെടുപ്പ് കേന്ദ്രത്തിന് ചുറ്റും കല്ലെറിയുന്നതിനായി നൂറകണക്കിന് ആളുകള്‍ കൂടി നില്‍ക്കുകയായിരുന്നുവെന്നും അവിടേക്ക് മേജറെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും റോത്തഗി വിശദീകരിച്ചു. വോട്ടെടുപ്പ് സമാധാനപരമായി നടത്തേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അതിനായാണ് പട്ടാള ഉദ്യോഗസ്ഥന്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നുമാണ് ന്യായീകരണം. മേജര്‍ ഗൊഗോയിക്ക് പുരസ്‌കാരം നല്‍കിയത് സൈനികരുടെ മനോവീര്യം ഉയര്‍ത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ