ന്യൂഡല്‍ഹി: സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു മേജര്‍ പിടിയില്‍. ഡൽഹിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നാണ് മേജര്‍ പിടിയിലായത്. അറസ്റ്റിലായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്‌തുവരികയാണ്. നിഖില്‍ റായ് ഹാണ്ഡ ആണ് പിടിയിലായത്.

ഡല്‍ഹിയിലെ നറൈനയില്‍ ഭര്‍ത്താവായ അമിത് ദ്വിവേദിക്കൊപ്പം താമസിച്ചു വരികയായിരുന്ന ശൈലജ ദ്വിവേദിയെയാണ് ശനിയാഴ്‌ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദമ്പതികളും ആറ് വയസുളള മകനുമാണ് സൈനിക കോട്ടേഴ്സില്‍ താമസിച്ചിരുന്നത്. ദിമാപൂരിലാണ് അമിതിന്റെ ജോലി. അദ്ദേഹം ഈയടുത്താണ് ഡല്‍ഹിയില്‍ വന്ന് തിരികെ പോയത്.

ഡല്‍ഹി കണ്ടോണ്‍മെന്റ് മെട്രോ സ്റ്റേഷനടുത്തുളള കോട്ടേഴ്സിനടുത്തുളള റോഡില്‍ യുവതി കൊല്ലപ്പെട്ട് കിടന്നത് വഴിയാത്രക്കാരനാണ് കണ്ടത്. വാഹനം ഇടിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ ആശുപത്രിയില്‍ പോയ ശൈലജയെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ യുവതിയെ അവസാനമായി കണ്ടത് പിടിയിലായ ഓഫീസറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ