ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭാഗ്പട്ടില്‍ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തെ തുടര്‍ന്ന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. രണ്ട് സൈനികരേയും ക്രൂരമായി മർദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പത്തോളം വരുന്ന ആള്‍ക്കാരാണ് രണ്ട് സൈനികരേയും വടികളും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്.

കൂട്ടത്തില്‍ പച്ച കുര്‍ത്ത അണിഞ്ഞിരിക്കുന്ന അമിത് എന്ന സൈനികന്‍ അക്രമികളെ തിരിച്ചും തല്ലുന്നുണ്ട്. ഒരു അക്രമിയെ അടിച്ച് താഴെ ഇട്ടപ്പോള്‍ മറ്റുളളവര്‍ അമിത്തിനെ വടി കൊണ്ട് ആക്രമിച്ചു. രണ്ടാമത്തെ സൈനികനും അക്രമികളോട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഭാഗ്പട്ട് സ്വദേശിയായ അമിത്തിന് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഹോട്ടലിലെ ജീവനക്കാരും മറ്റുളളവരുമാണ് സൈനികരെ മർദിച്ചതെന്നാണ് വിവരം. ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലില്‍ വച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നീങ്ങിയത്. ഹോട്ടലിനകത്ത് തുടങ്ങിയ പ്രശ്നം തെരുവിലേക്ക് നീണ്ടപ്പോള്‍ അക്രമികള്‍ വടിയെടുത്ത് മർദിക്കുകയായിരുന്നു. ഇരു വിഭാഗവും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഹോട്ടലിലെ ജീവനക്കാരായ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook