ശ്രീനഗർ: ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് ഗ്രനേഡുകളുമായി സൈനികൻ പിടിയിൽ. സുരക്ഷാ പരിശോധനയ്ക്കിടെ സൈനികന്‍റെ ബാഗിൽനിന്നുമാണ് ഗ്രനേഡുകൾ കണ്ടെത്തിയത്. ഡൽഹിയിലേക്ക് പോകുന്നതിനുവേണ്ടിയാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയതെന്നാണ് വിവരം.
ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ അതിര്‍ത്തിസുരക്ഷയില്‍ നിയോഗിക്കപ്പെട്ട സൈനികനാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഭൂപ്പാല്‍ മുഖിയ എന്ന സൈനികനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇയാളെ കശ്മീരിലെ ഹുമാമ പൊലീസ് സ്റ്റേഷനിലേക്ക് കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കൊണ്ടുപോയി.
തടാകത്തില്‍ എറിഞ്ഞ് പൊട്ടിത്തെറിപ്പിച്ച് മീന്‍ പിടിക്കാനാണ് ഗ്രനേഡ് കൊണ്ടുപോകുന്നതെന്നാണ് സൈനികന്‍ മൊഴി നല്‍കിയതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനികനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ സന്ദര്‍ശിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് സൈനികനെ അറസ്റ്റ്ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് താഴ്വരയില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.