ന്യൂഡൽഹി: മ്യാൻമർ അതിർത്തിയിൽ നാഗാ ഭീകരർക്കു നേരെ ഇന്ത്യയുടെ സൈനികാക്രമണം. നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി ഭീകരർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഏഴുപതോളം വരുന്ന സൈനികരാണ് അതിർത്തിയിലെ ഭീകര ക്യാന്പുകളിൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ നടത്തിയ അസം റൈഫിൾസിന്റെ പ്രത്യേക സംഘത്തിലെ എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.

മ്യാൻമർ അതിർത്തിയിലെ ഭീകര ക്യാംപുകൾക്ക് നേരെ സൈന്യം മിന്നലാക്രമണം നടത്തിയെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ ചില സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ച സൈന്യം അതിർത്തി കടന്നുള്ള മിന്നലാക്രമണമല്ല നടത്തിയതെന്നും സൈനികരെല്ലാം സുരക്ഷിതരാണെന്നും വിശദീകരിച്ചു. രണ്ട് വർഷം മുമ്പും ഇതേ സ്ഥലത്ത് ഇന്ത്യൻ സൈന്യം നാഗാ തീവ്രവാദികൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. മണിപ്പൂരിൽ 20 സൈനികരെ നാഗാ തീവ്രവാദികൾ കൂട്ടക്കൊല ചെയ്‌തതിന് പകരമായാണ് ഇന്ന് സൈന്യം നടത്തിയ ആക്രമണമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ തീവ്രവാദികളാണ് ആദ്യം വെടിവച്ചതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. തുടർന്ന് സൈന്യവും തിരിച്ചടിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook