കാശ്മീർ: ഉറിയിലെ ഇന്ത്യ-പാക് അതിർത്തിക്കടുത്ത് ഇന്ത്യൻ സൈനിക വ്യൂഹത്തിനെതിരായ പാക് അതിർത്തി ആക്രമണ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം. ഇക്കാര്യം വാർത്ത ഏജൻസിയായ എഎൻഐ യാണ് പുറത്തുവിട്ടത്.

“അതിർത്തിയിൽ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ സൈനിക സംഘത്തിനെതിരായ ആക്രമണം ആണ് പരാജയപ്പെടുത്തിയത്” എന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണം നടത്തിയ പാക് സേനയിലെ രണ്ട് പേരെ കൊലപ്പെടുത്തിയതായും ശക്തമായ നിരീക്ഷണം ഈ മേഖലയിൽ നടത്തുന്നുണ്ടെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

ഈ മാസം ആദ്യം ഉറിയിലെ ഇന്ത്യൻ സൈനിക ക്യാംപിലേക്ക് അതിർത്തി കടന്ന് പാക് സൈനികർ പ്രവേശിച്ചിരുന്നു. ഇവർ രണ്ട് ഇന്ത്യൻ സൈനികരെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു.

നൗഷര സെക്ടറിലെ അതിർത്തിയിലെ പാക് സൈനിക ക്യാംപുകൾ ആക്രമിച്ച് തകർക്കുന്ന വീഡിയോ ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മെയ് 9 ന് ചിത്രീകരിച്ച ഈ ആക്രമണത്തിൽ 84 എംഎം റോക്കറ്റുകൾ ഉപയോഗിച്ചാണ് പൈക് സൈനിക ക്യാംപുകൾ തകർത്തതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.

നാല് ഭീകരരെ വധിച്ച് മെയ് 21 ന് നൗഗർ സെക്ടറിലും ഇന്ത്യൻ സൈന്യം പാക് ആക്രമണത്തെ പ്രതിരോധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ