കശ്മീര്‍: പട്ടാളമേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷപ്രതികരണവുമായി ജമ്മു കശ്മീര്‍ വിദ്യാഭ്യാസമന്ത്രി അല്‍താഫ് ബുഖാരി. വിദ്യാഭ്യാസം സംസ്ഥാനത്തിന്‍റെ വിഷയമാണ് എന്നും എങ്ങനെ സ്കൂള്‍ നടത്തണമെന്ന് സര്‍ക്കാരിന് ധാരണയുണ്ടെന്നും പറഞ്ഞ മന്ത്രി സൈനികമേധാവി വിദ്യാഭ്യാസ വിദഗ്‌ധനല്ല എന്നും അഭിപ്രായപ്പെട്ടു. സൈനികമേധാവി നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കളങ്കിതമാണ് എന്ന് അഭിപ്രായപ്പെട്ട ബിപിന്‍ റാവത്ത് കശ്മീരിലെ ക്ലാസ് മുറികളില്‍ രണ്ട് ഭൂപടങ്ങള്‍ ആണ് പഠിപ്പിക്കുന്നത് എന്നും ഒന്നില്‍ ഇന്ത്യയുടേയും മറ്റേത് ജമ്മു കശ്മീരിന്റേതും ആണെന്നായിരുന്നു പറഞ്ഞത്.

ജമ്മു കശ്മീരിനു സ്വന്തമായൊരു ഭരണഘടന ഉണ്ട് എന്ന് ഓര്‍മിപ്പിച്ച വിദ്യാഭ്യാസമന്ത്രി ഏതു തരത്തിലാണോ കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയും കശ്മീര്‍ ഭരണഘടനയും ഒരുപോലെ കൊണ്ടുപോകുന്നത്, അതുപോലെയാണ് സംസ്ഥാനത്തെക്കുറിച്ച് പഠിപ്പിക്കാന്‍ സംസ്ഥാനത്തിന്‍റെ ഭൂപടം ഉപയോഗിക്കുന്നത് എന്നും പറഞ്ഞു.

“സംസ്ഥാനത്ത് രണ്ട് പതാകകളുണ്ട്, ഞങ്ങള്‍ക്ക് ഇന്ത്യയുടേയും ജമ്മു കശ്മീരിന്റേതുമായ രണ്ടു ഭരണഘടനയുണ്ട്. സംസ്ഥാനത്തേക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ട് എന്നതിനാല്‍ എല്ലാ സ്കൂളിലും സംസ്ഥാന ഭൂപടവും ഉണ്ട്.” അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച സൈനിക ദിവസത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെ പരാമര്‍ശം. സാമൂഹ്യമാധ്യമങ്ങളും സ്കൂളുകളും യുവജനങ്ങളെ തീവ്രവാദ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്നു എന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ