ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി മുകുന്ദ് നരവാനെ. ഭീകരവാദത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെ നയമായി പാക്കിസ്ഥാൻ ഉപയോഗിക്കുകയാണെന്നും ലോകത്തെ വി‍ഡ്ഢികളാക്കാന്‍ പാക്കിസ്ഥാനെ അനുവദിക്കില്ലെന്നും പുതിയ കരസേന മേധാവി അഭിപ്രായപ്പെട്ടു.

സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരത തടയുന്നില്ലെങ്കിൽ ഏതു രീതിയിലും അതിനെ നേരിടാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ സമഗ്ര ശ്രമങ്ങൾ പരാജയപ്പെട്ടതാണെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടെന്നും നരവാനെ കൂട്ടിച്ചേർത്തു.

Read Also: ഭീകരർക്കു പെൻഷൻ നൽകുന്ന ഏക രാജ്യം പാക്കിസ്ഥാൻ; ആഞ്ഞടിച്ച് ഇന്ത്യ

ചൈനയുമായുള്ള അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ മറികടക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് വടക്കൻ അതിർത്തിയിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും കരസേന മേധാവി വ്യക്തമാക്കി.

ജനറല്‍ ബിപിന്‍ റാവത്ത് വിരമിച്ച ഒഴിവിലേക്കാണ് സേനയുടെ ഉപമേധാവിയായിരുന്ന നരവാനെയുടെ നിയമനം. കരസേനയുടെ 28-ാമത് തലവനായാണ് അദ്ദേഹം ചുമതലയേറ്റെടുത്തിരിക്കുന്നത്. മ്യാന്മര്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായി അദ്ദേഹം മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook