ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ 7 പാക് സൈനികർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യൻ സൈന്യവും പാക് സൈന്യവും തമ്മിൽ ഏറ്റുമുട്ടിയതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, 3 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായും ചിലർക്ക് പരുക്കേറ്റതായും പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

പാക്കിസ്ഥാനെതിരെ വേണ്ടിവന്നാൽ സൈനിക നടപടി ശക്തമാക്കുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത് പറഞ്ഞു. ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിലൂടെ പാക് സൈന്യം ഭീകരരെ നുഴഞ്ഞുകയറാൻ സഹായിക്കുകയാണ്. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ എന്തുണ്ടായും സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും ബിപിൻ റാവത്ത് പറഞ്ഞു.

വേണ്ടി വന്നാൽ അതിർത്തി കടന്ന് ആക്രമണം നടത്തും. ഇന്ത്യയ്ക്കെതിരെയുളള പാക്കിസ്ഥാൻ നടപടികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ