ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരടക്കമുള്ള മുന്നണി പോരാളികൾക്ക് ആദരമർപ്പിക്കാൻ സൈന്യം. മേയ് മൂന്നിന് സൈനിക വിമാനങ്ങൾ ആകാശപ്പരേഡ് നടത്തുകയും നേവി ഹെലികോപ്‌റ്ററുകൾ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വിതറുകയും കപ്പലുകൾ ലൈറ്റ് തെളിയിക്കുകയും ചെയ്യും. മൂന്ന് സേനാ മേധാവികൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്താണ് ഇക്കാര്യം അറിയിച്ചത്.

“സായുധ സേനകളെ പ്രതിനിധീകരിച്ച്, കോവിഡ്-19നെതിരെ പോരാടുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ശുചിത്വ തൊഴിലാളികൾ, പൊലീസ്, ഹോം ഗാർഡുകൾ, ഡെലിവറി ബോയ്‌സ്, മാധ്യമങ്ങൾ ഉൾപ്പടെയുള്ളവർക്ക് നന്ദി അറിയിക്കുന്നു. ഇവര്‍ പ്രയാസകരമായ ഘട്ടത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട്‌ കൊണ്ടുപോകാമെന്ന സന്ദേശം കാണിച്ച് തന്നു. ഇവര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് ചില പ്രത്യേക കാഴ്ചകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കും,” ബിപിൻ റാവത്ത് പറഞ്ഞു.

Also Read: ലോക്ക്ഡൗൺ: റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ ഏതൊക്കെയെന്ന് അറിയാം

ശ്രീനഗറിൽ നിന്ന് തിരുവനന്തപുരത്തേക്കും അസമിലെ ദിബ്രുഗട്ടിൽ നിന്ന് ഗുജറാത്തിലെ കച്ചിലേക്കുമാണ് ആകാശപരേഡ് നടക്കുന്നത്. ഗതാഗത, യുദ്ധ വിമാനങ്ങള്‍ പരേഡിന്റെ ഭാഗമാകും. പൊലീസ് സേനയെ പിന്തുണച്ച് സായുധ സേന പൊലീസ് സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്ന് സൈനിക മേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുന്നത് ആദ്യമായിട്ടാണ്. അഭൂതപൂര്‍വ്വമായിട്ടാണ് ഇത്തരത്തിലൊരു വാര്‍ത്താസമ്മേളനം നടക്കുന്നതും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയായിരുന്നു സൈനിക മേധാവികളുടെ വാർത്താസമ്മേളനം.

Also Read: ലോക്ക്ഡൗൺ നീട്ടി; മേയ് 17 വരെ കർശന നിയന്ത്രണങ്ങൾ തുടരും

രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് തന്നെയാണ് കേന്ദ്രം അറിയിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് ആകാം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook