/indian-express-malayalam/media/media_files/uploads/2023/07/Screenshot-1-1.jpg)
Rajya Sabha
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞ രാജ്യസഭ നടപടികള്‍ പുനരാരംഭിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെച്ചു. നേരത്തെ 2.30 വരെ നിര്‍ത്തിവെച്ച സഭ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ 3.30 വരെ രണ്ടാം തവണയും നിര്‍ത്തിവെച്ചു. നേരത്തെ, ബി.ജെ.പി എം.പിയും സഭാ നേതാവുമായ പിയൂഷ് ഗോയല്‍ രാജ്യസഭയെ അഭിസംബോധന ചെയ്യുകയും മണിപ്പൂര്‍ പ്രതിസന്ധിയെക്കുറിച്ച് ഉച്ചയ്ക്ക് 2 മണിക്ക് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.
2.30 ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ 'പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരൂ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം രാജ്യസഭയില്‍ വീണ്ടും പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് സഭ 3.30 വരെ വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു. 'തിങ്കളാഴ്ച ഉച്ചയ്ക്ക് മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചവേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. സഭ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം പ്രതിപക്ഷം ദുര്‍വിനിയോഗം ചെയ്യുകയാണ്. മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദസര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷം ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുകയാണ്. കഴിഞ്ഞ ഒമ്പതുദിവസമായി അവര്‍ സഭ അലങ്കോലപ്പെടുത്തുകയാണ്, പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.
റൂള്‍ 267 പ്രകാരം നല്‍കിയ ഒരു അറിയിപ്പും ചെയര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഈ നിയമം അടുത്തിടെ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ ഒരു പ്രശ്‌നമായി ഉയരും. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിലെ (രാജ്യസഭ) നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും അനുസരിച്ച്, റൂള്‍ 267 പ്രകാരം, രാജ്യസഭ എംപിമാര്‍ക്ക് ലിസ്റ്റുചെയ്ത എല്ലാ വിഷയങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും രാജ്യം അഭിമുഖീകരിക്കുന്ന പ്രാധാന്യമുള്ള ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യാനും രേഖാമൂലം അറിയിപ്പ് നല്‍കാം.
ജൂലൈ 20 ന് സമ്മേളനം ആരംഭിച്ചതിന് ശേഷം പാര്‍ലമെന്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല, പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി മോദിയെ നിര്‍ബന്ധിക്കുന്നതിനായി പ്രതിപക്ഷം കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.