കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗയെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് രണതുംഗയെ അറസ്റ്റ് ചെയ്തത്.

കൊളംബോ ക്രൈം ഡിവിഷനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ഉടനെ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു രണതുംഗ. രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്ത് തൊഴിലാളികള്‍ വന്‍പ്രതിഷേധപ്രകടനം നടന്നിരുന്നു. തുടര്‍ന്ന് രണതുംഗയുടെ അംഗരക്ഷകര്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരാള്‍ മരിയ്ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെയാണ് വിദേശപര്യടനത്തിലായിരുന്ന രണതുംഗ തിരിച്ചെത്തിയത്. ‘അവരെന്നെ കൊല്ലുമായിരുന്നു. ഞാനിന്ന് ജീവനോടെയുള്ളത് ദൈവകൃപ കൊണ്ടാണ്. രാജ്യത്തെ നിയമവ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങള്‍ മറുപടി പറയും’ എന്നായിരുന്നു വെടിവെപ്പിനെ കുറിച്ച് രണതുംഗയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook