ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ സിനിമാ സംവിധായകനും സംഗീത സംവിധായകനുമായ അരിബാം ശ്യാം ശര്‍മ്മ തന്റെ പദ്മശ്രീ പുരസ്കാരം തിരികെ നല്കാന് തീരുമാനിച്ചു. 2006ലാണ് ഇദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചത്. ജനങ്ങളുടെ ആകുലതകളെ കാണാനാവാത്ത സര്‍ക്കാരിന്റെ ഒരു പുരസ്കാരം കൈയില്‍ വെക്കുന്നത് ധാര്‍മ്മികമായി തെറ്റാണെന്ന് തിരിച്ചറിഞ്ഞ് പുരസ്കാരം തിരികെ നല്കാന് തീരുമാനിച്ചതെന്ന് അരിബാം പറഞ്ഞു.
പൗരത്വ നിയമഭേദഗതി ബില്ലുമായി മുമ്പോട്ടു പോകുന്നത് അതീവ ദുഷ്കരമായിരിക്കും ബിജെപിക്ക്. പാർട്ടിക്കകത്തും ഈ വിഷയത്തിൽ സംശയങ്ങൾ വ്യാപകമായിട്ടുണ്ട്. എങ്ങനെ നേരിടുമെന്നതിൽ വ്യക്തത ഇനിയും വന്നിട്ടില്ല. തങ്ങളുടെ ബില്ലിന്റെ മഹത്വം പറഞ്ഞാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ ഈ ആത്മവിശ്വാസം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുക്കെയും കാണിക്കാൻ ബിജെപിക്കാകുമോയെന്ന് സംശയമാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ സഖ്യകക്ഷികൾ ഒരു പുനർവിചാരത്തിന് നിർബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലുള്ള അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരങ്ങളാണ് നടന്നു വരുന്നത്. അഞ്ചാഴ്ചയോളം പിന്നിട്ടിട്ടും സമരങ്ങൾ ദുര്ബലപ്പെടുന്നില്ലെന്നത് സംസ്ഥാനത്തെ എൻഡിഎയെ ആശങ്കയിലാക്കിയിട്ടുണ്ട്. ബില്ലിനെ എതിർത്തു കൊണ്ടുള്ള റാലികളിൽ കോൺഗ്രസ്സും സജീവമായിത്തന്നെ പങ്കെടുക്കുന്നുണ്ട്.
മുസ്ലിങ്ങൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ അനുവാദം നൽകുന്നതാണ് ദേശീയ പൗരത്വ നിയമഭേദഗതി ബിൽ. ബംഗ്ലാദേശ് അടക്കമുള്ള ഇടങ്ങളിലെ ന്യൂനപക്ഷമായ ഹൈന്ദവർക്കും ഇതര മതസ്ഥർക്കും ഇന്ത്യയിലേക്ക് സ്വതന്ത്രമായി കടന്നുവന്ന് പൗരത്വം അവകാശപ്പെടാം. തങ്ങളുടെ മേഖലയിലേക്കുള്ള വിവേചനരഹിതമായ കുടിയേറ്റത്തിനായിരിക്കും ഈ ബിൽ വഴിവെക്കുക എന്ന വടക്കുകിഴക്കൻ സംസ്ഥാനത്തുള്ളവര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.