ന്യൂഡൽഹി: റോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. റോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരായ ഹർജിയിൽ ഒക്ടോബർ 13ന് വീണ്ടും വാദം കേൾക്കും.
റോഹിങ്ക്യകളുടെ വിഷയത്തിൽ മാത്രം കേന്ദ്രത്തിന് ഇരട്ടത്താപ്പെന്നു ഹരജിക്കാർക്ക് വേണ്ടി ഹാജരായ ഫാലി നരിമാൻ ആരോപിച്ചു. ശ്രീലങ്ക , പാകിസ്ഥാൻ , ബംഗ്ളാദേശ് അഭയാർത്ഥികളോട് അനുകമ്പ കാണിക്കുന്ന സർക്കാരിന് ഇക്കാര്യത്തിൽ മാത്രം വിരുദ്ധ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, റോഹിങ്ക്യന്‍ കേസിൽ ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ കക്ഷി ചേർന്നു. അഭയാർത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഡിവൈഎഫ്ഐ വാദിച്ചു.
റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. റോഹിങ്ക്യൻ വംശജരെ ഇന്ത്യയിലേക്ക് കടത്താൻ മ്യാന്മാർ,പശ്ചിമ ബംഗാൾ,ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ചില അഭയാർത്ഥികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അതിനാൽ തന്നെ ഇവരെ ഒഴിപ്പിക്കണമെന്നുമാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചത്.