scorecardresearch
Latest News

‘വെറും കൈയോടെ’ ആന്ധ്രയിലേക്ക് വരാന്‍ നാണമില്ലേ?; മോദിയോട് ചന്ദ്രബാബു നായിഡു

ഇന്ന് പ്രധാനമന്ത്രി വിശാഖപട്ടണത്ത് സന്ദര്‍ശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡു കത്തയച്ചത്

അമരാവതി: ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു രംഗത്ത്. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ‘വെറും കൈയോടെ’ ആന്ധ്രയിലേക്ക് വരാന്‍ മോദിക്ക് നാണമില്ലേയെന്ന് അദ്ദേഹം ചോദിച്ചു. പറഞ്ഞ വാഗ്‌ദാനങ്ങള്‍ നിറവേറ്റാത്തതിന് അഞ്ച് കോടി വരുന്ന ജനങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മോദി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രി വിശാഖപട്ടണത്ത് സന്ദര്‍ശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡു കത്തയച്ചത്. ‘അഞ്ച് വര്‍ഷത്തോളം പാഴായി പോയി. ആന്ധ്രാപ്രദേശിന് നല്‍കിയ ഒരു വാഗ്‌‌ദാനവും പാലിച്ചിട്ടില്ല. ഞാന്‍ 29 തവണയോളം ഡല്‍ഹി സന്ദര്‍ശിച്ച് പല കാര്യങ്ങളും നിങ്ങളോട് അപേക്ഷിച്ചു. പക്ഷെ ഒന്നും നിങ്ങള്‍ നിറവേറ്റിയില്ല,’ ചന്ദ്രബാബു നായിഡു പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദിയുടെ ചതിയും വഞ്ചനയും പാഴ്‌വാക്കും ആന്ധ്രയിലെ ജനങ്ങള്‍ കാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ആന്ധ്രയിലെ ജനങ്ങള്‍ നിങ്ങളുടെ സന്ദര്‍ശനം അറിഞ്ഞ് കോപത്തിലാണ്. വെറുംകൈയോടെ ഇങ്ങോട്ട് വരാന്‍ നിങ്ങള്‍ക്ക് നാണമില്ലേ? പ്രധാനമന്ത്രി എന്ന നിലയില്‍ നിങ്ങള്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥനാണ്,’ ചന്ദ്രബാബു നായിഡു പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Arent you ashamed to visit andhra chandrababu naidu writes to pm