ന്യൂഡല്‍ഹി: പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖത്തിന് മുമ്പ് അവരെ കുറിച്ച് നന്നായി പഠിച്ചാണ് ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും എത്താറുളളത്. ഇല്ലെങ്കില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (എന്‍ബിസി) യുടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ മെഗിന്‍ കെല്ലിയ്ക്ക് സംഭവിച്ചത് പോലെയുള്ള അബദ്ധവും ഇതുവഴി സോഷ്യല്‍മീഡിയാ അക്രമണവും നേരിടേണ്ടി വരും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനേയും അഭിമുഖം ചെയ്യാനെത്തിയ കെല്ലിക്കാണ് അബദ്ധം പിണഞ്ഞത്. സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെ കോണ്‍സ്റ്റാന്റിന്‍ പാലസില്‍ വെച്ചാണ് അഭിമുഖം നടന്നത്. അഭിമുഖത്തിന് തൊട്ടുമുമ്പാണ് മോദിയുമായും പുടിനുമായും കെല്ലി സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടത്.

നിങ്ങളെ അറിയാമെന്നും ട്വിറ്ററില്‍ കുട ചൂടി നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ടെന്നുമാണ് കെല്ലിയെ കണ്ടപാടെ മോദി പറഞ്ഞത്. എന്നാല്‍ ‘താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ’ എന്നാണ് മോദിയോട് കെല്ലി മറുചോദ്യം ചോദിച്ചത്. അതേ എന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ മോദി പിന്നെ മൗനം തുടര്‍ന്നു.

എന്നാല്‍ ഇതിന് പിന്നാലെ കെല്ലിയെ ട്വിറ്ററില്‍ രൂക്ഷമായാണ് മോദിയെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ ആളാണ് മോദിയെന്ന കാര്യം പോലും അറിയാത്ത കെല്ലി മാധ്യമപ്രവര്‍ത്തക തന്നെയാണോ എന്ന് ട്വിറ്ററില്‍ പരിഹാസം ഉയര്‍ന്നു. കെല്ലിയെ പരിഹസിച്ചും അധിക്ഷേപിച്ചും മറ്റ് പോസ്റ്റുകളും നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ