ചെന്നൈ: ദേശീയ താത്പര്യമുളള പ്രശ്നങ്ങളില്‍ ശബ്ദം ഉയര്‍ത്തുന്നയാളാണ് തെന്നിന്ത്യന്‍ നടനായ പ്രകാശ് രാജ്. പ്രമുഖ്യ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ മുഴങ്ങി കേട്ടതും അദ്ദേഹത്തിന്റെ ശബ്ദമാണ്. പിന്നീട് ദേശീയഗാന വിവാദം അടക്കമുളള വിഷയങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. “എന്തുകൊണ്ടാണ് ശീതകാല സമ്മേളനം നടക്കാത്തത്. തണുപ്പ് അത്രയധികം ആകാത്തതുകൊണ്ടാണോ? അല്ലെങ്കില്‍ നിങ്ങളെല്ലാം മറ്റെവിടെ എങ്കിലും വലിയ തിരക്കിലാണോ? അതോ സമ്മേളനം ചൂടുപിടിക്കുമെന്ന് കരുതിയിട്ടോ ? തിരഞ്ഞെടുപ്പിന് മുന്‍പ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും , അതുകൊണ്ടാണോ?” ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് 52കാരനായ ദേശീയ പുരസ്കാര ജേതാവ് രംഗത്തെത്തിയത്.

കുറച്ചു നാളുകളായി ഹാഷ്ടാഗ് ഉപയോഗിച്ച് അദ്ദേഹം സര്‍ക്കാരിനേയും നേതാക്കളേയും ചോദ്യം ചെയ്യുന്നുണ്ട്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് മാപ്പു പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ചോദ്യം .

സമ്പന്നര്‍ക്ക് കളളപ്പണം തിളങ്ങുന്ന പുതിയ നോട്ടുകള്‍ ആക്കി മാറ്റിയെടുക്കാന്‍ സാഹചര്യം ഒരുങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് പേര്‍ നിസ്സഹായരായി നട്ടംതിരിയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വിഢിത്തത്തിന് മാപ്പു പറയാന്‍ നിങ്ങള്‍ തയ്യാറാകുമോയെന്നും പ്രകാശ് രാജ് ചോദിച്ചു.

രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ കമല്‍ഹാസന് പിന്തുണയുമായി നേരത്തേ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സദാചാരത്തിന്‍റെയും പേരില്‍ ഭീതിപടര്‍ത്തുന്നത് ഭീകരവാദമല്ലെങ്കില്‍ എന്താണ് ഭീകരവാദം എന്നാണ് പ്രകാശ് രാജ് ചോദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ