scorecardresearch
Latest News

‘രക്തദാഹികളുടെ ശവമടക്ക്’; 1,500 വര്‍ഷം മുമ്പ് അടക്കം ചെയ്ത 10 വയസുളള കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി

വായില്‍ ചുണ്ണാമ്പുകല്ല് തിരുകി വച്ച നിലയിലായിരുന്നു കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്

‘രക്തദാഹികളുടെ ശവമടക്ക്’; 1,500 വര്‍ഷം മുമ്പ് അടക്കം ചെയ്ത 10 വയസുളള കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി

റോം: ഇറ്റലിയിലെ പുരാതന റോമന്‍ സെമിത്തേരിയില്‍ പുരാവസ്തു ഗവേഷണ സംഘം 1,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത 10 വയസുളള കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. വായില്‍ കടിച്ചുപിടിച്ച നിലയില്‍ ചുണ്ണാമ്പുകല്ല് ഉണ്ടായിരുന്നു. ചുണ്ണാമ്പുകല്ല് ഉപയോഗിച്ച് കുട്ടിയുടെ വായ താങ്ങി നിര്‍ത്തിയിട്ടും ഉണ്ടായിരുന്നു. റോമില്‍ നിന്നും 60 മൈലുകള്‍ മാറിയുളള ഉത്തരനഗരത്തില്‍ 15-ാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച മലേരിയയെ തുടര്‍ന്ന് മരിച്ച കുട്ടിയാകാം ഇതെന്നാണ് ഗവേഷണ സംഘത്തിന്റെ നിഗമനം.

ചുണ്ണാമ്പുകല്ലില്‍ കുട്ടിയുടെ പല്ലിന്റെ അടയാളം ഉണ്ടായിരുന്നു. മരണശേഷം മറ്റുളളവര്‍ ബലം പ്രയോഗിച്ച് വായില്‍ തിരുകി വച്ചതാവാം ഇതെന്നാണ് ഗവേഷകരുടെ പക്ഷം. പടര്‍ന്നുപിടിക്കുന്ന രോഗം ഇനിയും മരിച്ചയാള്‍ പരത്താതിരിക്കാന്‍ പ്രാചീന മനുഷ്യര്‍ പിന്തുടരുന്ന രീതിയാണ് ഇതെന്നാണ് ഗവേഷകരുടെ വിശ്വാസം. ഇത്തരം ശവസംസ്കാരങ്ങളെ ‘വാംപെയര്‍ ബുരിയല്‍സ്’ (രക്തദാഹികളുടെ ശവമടക്ക്) എന്നാണ് വിളിച്ചുപോരുന്നത്. ഇറ്റലിയിലെ ലുഗ്നാനോ നഗരത്തിലുളളവര്‍ ഇതിനെ ‘വാംപെയര്‍ ലുഗ്നാനോ’ എന്നാണ് വിളിക്കുന്നത്.

‘ശവക്കല്ലറയില്‍ നിന്നും മരിച്ചയാള്‍ എഴുന്നേറ്റ് വന്ന് ജീവിച്ചിരിക്കുന്ന തങ്ങൾക്ക് കൂടി അയാൾക്കുണ്ടായിരുന്ന രോഗം പരത്തുമോ എന്ന പേടി മൂലമാണ് ഇത്തരത്തില്‍ ശവമടക്ക് നടത്തുന്നത്. വായില്‍ ചുണ്ണാമ്പുകല്ല് വയ്ക്കുന്നതിലൂടെ മരിച്ചയാളുടെ ശക്തി ക്ഷയിച്ച് പോകുമെന്നാണ് പ്രാചീനമായ വിശ്വാസം,’ ഗവേഷണ സംഘത്തിലുളള അരിസോണ സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥി ജോര്‍ദാന്‍ വില്‍സണ്‍ പറയുന്നു.

ആള്‍ത്താമസമില്ലാത്ത റോമന്‍ ഗ്രാമത്തിലെ സെമിത്തേരി ഓഫ് ബേബീസില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 15-ാം നൂറ്റാണ്ടില്‍ കുട്ടികളുടെ മാത്രം ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയാണിത്. വിഗ്രഹാരാധനയുടേയും ക്രിസ്ത്യന്‍ വിശ്വാസത്തിന്റേയും ഇടയിലുളള ഒരു വിഭാഗം ജനത പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള വ്യാപകമായ മരണങ്ങളെ തുടര്‍ന്ന് ആഭിചാരക്രിയകള്‍ നടത്തിയിരുന്നു. അത്തരത്തിലുളള ഒരു ചടങ്ങായിരുന്നു ഇതെന്ന് അരിസോണ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡേവിഡ് സോറണ്‍ പറയുന്നു.

‘എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു സന്ദര്‍ഭം ആവിര്‍ഭവിച്ച ഒരു കാലമായിരിക്കാം അത്. മരണങ്ങള്‍ കണ്ട് പലതും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടാവാതെ നിരാശപൂണ്ട് ഒരു ഉത്തരം ലഭിക്കാനായി അവിടെയും ഇവിടെയും ഓടി നടക്കുന്ന അവസ്ഥ. അത്രയും ഭയാനകമായ ഒരു സാഹചര്യം,’ ഡേവിഡ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Archaeologists find vampire burial site of child in italy