ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയായ മാവോയിസ്റ്റ് കൾട്ട് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ യുകെയിൽ ജയിലില്‍ മരിച്ചു. സൗത്ത് ലണ്ടനിലെ വീട്ടില്‍ മൂന്ന് പതിറ്റാണ്ടോളം മകളെ പൂട്ടിയിടുകയും വനിതാ അനുയായികളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കേസില്‍ ശിക്ഷയനുഭവിക്കവെയാണു മരണം.
പ്രിന്‍സ്ടൗണിലെ എച്ച്എംപി ഡാര്‍ട്ട്മൂര്‍ ജയിലില്‍ കസ്റ്റഡിയിലിരിക്കെയാണ് എണ്‍പത്തിയൊന്നുകാരനായ അരവിന്ദന്‍ ബാലകൃഷ്ണന്റെ മരണമെന്നു പ്രിസണ്‍ സര്‍വീസ് അറിയിച്ചു. അനുയായികള്‍ക്കിടയില്‍ വീരപുരുഷനായി കണാക്കപ്പെട്ടിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ ‘സഖാവ് ബാല’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
ലൈംഗികാതിക്രമം നടത്തിയതിനും മകളെ 30 വര്‍ഷത്തോളം തടവിലാക്കിയതിനും അരവിന്ദന്‍ ബാലകൃഷ്ണന്‍ 2016 ലാണു ശിക്ഷിക്കപ്പെട്ടത്. 23 വര്‍ഷത്തേക്കായിരുന്നു ശിക്ഷ. തനിക്കു അതീന്ദ്രിയ ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ച് ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണു സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരളത്തില്‍ ജനിച്ച ബാലകൃഷ്ണന്‍ 1975-ല്‍ സിംഗപ്പൂരില്‍നിന്നാണ് സൗത്ത് ലണ്ടനിലെത്തിയത്. തുടര്‍ന്ന് ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ സ്ഥാപിച്ചു.
തന്റെ രണ്ട് അനുയായികളെ അരവിന്ദന്‍ ബാലകൃഷ്ണന്‍ ബലാത്സംഗം ചെയ്തതുവെന്ന കേസാണ് ജൂറിമാര്‍ക്കു മുന്‍പില്‍ വിചാരണക്കെത്തിയത്. മനസ് വായിക്കാന്‍ കഴിയുമെന്നും തന്റെ ആജ്ഞ അനുസരിക്കാതിരുന്നാല്‍ ‘ജാക്കി’ എന്ന അമാനുഷിക ശക്തി പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അനുയായികളെ ഭയപ്പെടുത്തിയിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഭാര്യയുടെ ചെവി കടിച്ച് മുറിച്ചു, മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; യുവാവിന്റെ ക്രൂര മർദനം
കേസില്‍ അടുത്ത കാലം വരെ അജ്ഞാതയായി തുടർന്ന അരവിന്ദന്‍ ബാലകൃഷ്ണന്റെ മകള്‍ കാറ്റി മോര്‍ഗന്‍-ഡേവിസ്, മുമ്പ് തന്റെ പിതാവിന്റെ വീട്ടിലെ അനുഭവം ‘ഭയാനകവും മനുഷ്യത്വരഹിതവും ഇടിച്ചുതരത്തിലുള്ളതുമാണ്’ എന്നാണു വിശേഷിപ്പിച്ചത്. ”ചിറകുകള്‍ മുറിച്ച, കൂട്ടിലടച്ച പക്ഷിയെപ്പോലെയാണ് എനിക്ക് തോന്നിയത്,” കാറ്റി ബിബിസിയോട് പറഞ്ഞു.
തന്നെ പിതാവിന്റെ വീട്ടില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായി പറഞ്ഞ കാറ്റി നഴ്‌സറി ഗാനങ്ങള്‍ പാടാനോ സ്‌കൂളില്‍ പോകാനോ സുഹൃത്തുക്കളെ ഉണ്ടാക്കാനോ അനുവദിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. തന്റെ അമ്മ തന്റെ പിതാവിന്റെ അനുയായികളില്‍ ഒരാളാണെന്ന് കൗമാരപ്രായത്തില്‍ മാത്രമാണ് കാറ്റി മനസിലാക്കിയത്. 2013-ല്‍ പിതാവിന്റെ ആരാധനാവലയത്തിൽനിന്ന് രക്ഷപ്പെട്ട കാറ്റി, തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ലീഡ്‌സിലേക്കു മാറുകയായിരുന്നു.
ബലാത്സംഗം, ലൈംഗികാതിക്രമം, രണ്ട് സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, അന്യായമായി തടവിലാക്കല്‍, മകൾക്കെതിരായ ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയിരുന്നത്. തനിക്കെതിരായ കുറ്റാരോപണങ്ങളെല്ലാം അരവിന്ദന്‍ ബാലകൃഷ്ണന്‍ വിചാരണവേളയില്‍ നിഷേധിച്ചിരുന്നു. തന്നോട് ലൈംഗിക താല്‍പ്പര്യം തോന്നുന്ന പരസ്പരം അസൂയാലുക്കളായ സ്ത്രീകള്‍ തമ്മിലുള്ള സ്പര്‍ധയുടെ ശ്രദ്ധാകേന്ദ്രമാണു താനാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.