ചെന്നൈ: അനിശ്ചിതത്വത്തിലായ തമിഴ്നാട് രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് നടന്‍ അരവിന്ദ് സ്വാമി. ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണമെന്നും അരവിന്ദ് സ്വാമി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തങ്ങളുടെ അഭിപ്രായം അറിയിക്കാനായി അതാത് മണ്ഡലങ്ങളിലെ എം.എല്‍.എമാരെ ഫോണില്‍ വിളിക്കാനും താരം പറയുന്നുണ്ട്. എം.എല്‍.എമാരുമായി ബന്ധപ്പെടാനായി അവരുടെ മൊബൈല്‍ നമ്പറുകളും അരവിന്ദ് പങ്കുവെച്ചു.

കഴിഞ്ഞ ദിവസം തമിഴ് താരങ്ങളായ കമലഹാസനും മാധവനും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പന്നീർസെൽവത്തെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് കമൽ ആവശ്യപ്പെട്ടു. ‘അദ്ദേഹം തന്‍റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുന്നുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തെ കുറേക്കാലം കൂടി മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചുകൂടാ? ജനങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അധികാരവും ജനത്തിനുണ്ടല്ലോ..’ കമൽഹാസൻ ചോദിച്ചു.

ഞങ്ങൾ ആട്ടിൻ പറ്റമല്ല. ആടുകളെപ്പോലെ തോന്നുംപോലെ തെളിക്കാൻ തെളിക്കപ്പെടാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നുമില്ല- അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook