ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിരവധി ആളുകളാണ് തുടർച്ചയായ മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ രാംലീല മൈതാനത്ത് എത്തിച്ചേർന്നത്. വിവിധ മേഖലകളിലെ പ്രതിനിധികളാണ് മുഖ്യാതിഥികൾ.

ഡൽഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് 50 പേരായിരിക്കും മുഖ്യമന്ത്രിക്കൊപ്പം മുഖ്യാതിഥികളായി വേദി പങ്കിടുക. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ നീളുന്നതാണ് മുഖ്യാതിഥികളുടെ പട്ടിക.

Also Read: വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ജനാധിപത്യവിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഢ്

കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നീ ആറു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ നിയുക്ത മന്ത്രിമാർക്ക് അരവിന്ദ് കേജ്‌രിവാൾ അത്താഴ വിരുന്നൊരുക്കിയിരുന്നു.

Also Read: ശശി തരൂരിന്റെ മാനനഷ്‌ടക്കേസ്: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നേരിട്ടു ഹാജരാകണമെന്ന് കോടതി

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അന്നേദിവസം തന്റെ മണ്ഡലമായ വാരണാസി സന്ദർശിക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയെ കൂടാതെ ഡൽഹിയിൽനിന്നുള്ള ഏഴ് എംപിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബിജെപി എംഎൽഎമാരെയും കേജ്‌രിവാൾ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

അൻപത്തി ഒന്നുകാരനായ അരവിന്ദ് കേജ്‌രിവാൾ ഇതു മൂന്നാം തവണയാണു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എഴുപതിൽ 62 സീറ്റുമായാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആം ആദ്മിയുടെ ആധികാരിക ജയമായിരുന്നു ഡൽഹിയിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook