ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. മോദി എപ്പോഴും ഹിന്ദു-മുസ്ലിം വാദം നടത്തുന്നത് വേറൊന്നും പറയാന്‍ ഇല്ലാത്തിനാലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നാല് വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് മോദി ഇപ്പോഴും ഹിന്ദു-മുസ്ലിം വാദങ്ങളുമായി നടക്കുന്നതെന്നും രാജ്യത്തെ ഒന്നാമതെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ശശിതരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു. കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ മാത്രം പാര്ട്ടിയാണോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെയാണ് കേജ്രിവാള് രംഗത്തെത്തിയത്.
അമേരിക്ക നാനോ ടെക്നോളജിയെ കുറിച്ചും ജപ്പാനും ഫ്രാന്‍സുമെല്ലാം വമ്പന്‍ പദ്ധതികളെ കുറിച്ച് സംസാരിക്കുമ്പോള്‍ മോദി ഹിന്ദു-മുസ്ലിം വിഷയമാണ് പറയുന്നതെന്നും പറഞ്ഞ കേജ്രിവാള് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ വിദ്യാഭ്യാസം വേണമെന്നും എന്നാല്‍ കഴിഞ്ഞ 70 വര്‍ഷമായി രാജ്യം ഭരിച്ച ഒരു സര്‍ക്കാരും വിദ്യാഭ്യാസം വളര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു.
ഇന്ത്യയില്‍ വളരെ ബുദ്ധിയുള്ള ആളുകളുണ്ടെന്നും എന്നാല്‍ തെറ്റായ രാഷ്ട്രീയം അവരെ നിരക്ഷരതയിലേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.