കെയ്റോ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കണണമെന്ന് അറബ് വിദേശകാര്യമന്ത്രിമാര്‍. യുഎസിന്റെ നീക്കം ഉത്കണ്ഠാജനകമാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പ്രഖ്യാപനം അധിനിവേശത്തിനു തുല്യമാണെന്നും കെയ്റോയില്‍ ചേര്‍ന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു.
ട്രംപിന്റെ നടപടിയെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാകൗണ്‍സിലില്‍ കൊണ്ടുവന്നെങ്കിലും യുഎസ് അത് വീറ്റോ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ പൊതുസഭയില്‍ കൊണ്ടുവരാനാണ് അറബ് രാഷ്ട്രങ്ങളുടെ നീക്കമെന്ന് പലസ്തീന് വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക് കെയ്റോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ചേര്‍ന്ന അടിയന്തരയോഗത്തില്‍ രണ്ട് പേജ് പ്രമേയത്തിന് രൂപം നല്കി.
ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിനെതിരായ പ്രതിഷേധങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. പലസ്തീൻ ജനത യഥാർഥ്യം ഉൾക്കൊള്ളണം. അധികം വൈകാതെ അവർക്ക് തീരുമാനം അംഗീകരിക്കേണ്ടി വരും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും നെതന്യാഹു പാരീസിൽ പ്രതികരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ നടപടിക്കെതിരായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. ബെയ്റൂട്ടിലെ യുഎസ് എംബസിയുടെ സമീപത്തേക്കു പലസ്തീൻ പതാകകൾ വീശി നീങ്ങിയ വൻജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്തോനേഷ്യയിലെ ജക്കാർത്തയിലും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലും യുഎസ് വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി.