ന്യൂഡൽഹി: പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ ഇന്ത്യയിലും യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്തെ തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള് അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു. നോട്ട് അച്ചടിക്കാനാവശ്യമായ പ്ലാസ്റ്റിക് സംഭരിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയതായും പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ അനുമതി നല്‍കിയതായും ധനകാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.

2014ല്‍ യുപിഎ സര്‍ക്കാര്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. പത്തു രൂപയുടെ ഒരു ബില്യണ്‍ പ്ലാസ്റ്റിക് നോട്ട് ഉപയോഗിക്കാനായിരുന്നു തീരുമാനം. കൊച്ചി, മൈസൂര്‍, ജെയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് പരീക്ഷണത്തിനായി അന്ന് തെരഞ്ഞെടുത്തത്. ഈ നഗരതതില്‍ തന്നെയാകുമോ പരീക്ഷണമെന്ന് ധനകാര്യ സഹമന്ത്രി വ്യക്തമാക്കിയിട്ടില്ല.

നിലവിലുള്ള കറന്‍സി നോട്ടുകളെക്കാള്‍ ഗുണമേന്മയുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാലം മാറുന്നതിന് അനുസരിച്ച് കറന്‍സികളിലും മാറ്റം വന്നിരുന്നു. തുകല്‍, ശില, വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയവയിലൂടെ സഞ്ചരിച്ചാണ് ഇപ്പോള്‍ പ്ലാസ്റ്റിക്കിലേക്ക് നീങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ