ന്യൂഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124A പുനഃപരിശോധിക്കുന്നത് വരെ രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പുനഃപരിശോധനയിൽ തീരുമാനം ഉണ്ടാകുംവരെ കേന്ദ്രവും സംസ്ഥാനങ്ങളും എഫ്‌ഐആറുകളൊന്നും രജിസ്റ്റർ ചെയ്യുകയോ രാജ്യദ്രോഹ കേസുകളിൽ അന്വേഷണം തുടരുകയോ ചെയ്യരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഭരണഘടന അംഗീകരിച്ച രാജ്യദ്രോഹ വകുപ്പുകൾ സ്റ്റേ ചെയ്യുന്നത് ശരിയായ സമീപനമല്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചതിനെ പിന്നാലെയാണ് ഉത്തരവ്. നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളിലെ നടപടികൾ താൽക്കാലികമായി നിർത്തിവച്ചുകൂടേയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നാൽ രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്.
രാജ്യദ്രോഹ നിയമം സംബന്ധിച്ച് വിവിധ വീക്ഷണങ്ങളെക്കുറിച്ച് പൂര്‍ണ അറിവുണ്ടെന്നു കേന്ദ്രം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കുറ്റം കൈകാര്യം ചെയ്യുന്ന 124 എ വകുപ്പിന്റെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച നിയമം റദ്ദാക്കുന്ന കാര്യം കോടതിയിലും ലോക്സഭയിലും ചർച്ചാ വിഷയമാണ്. കോളനിവാഴ്ചക്കാലത്തെ നിയമം എന്തുകൊണ്ട് ഒഴിവാക്കിക്കൂടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ മുൻപ് ചോദിച്ചിരുന്നു. ചീട്ടുകളിക്കാർക്കെതിരെ പോലും രാജ്യദ്രോഹം ചുമത്താവുന്ന തരത്തിൽ വിശാലമാണ് 124എ വകുപ്പ് എന്നുപറഞ്ഞ കോടതി ഇതിന്റെ ദുരുപയോഗത്തിൽ കടുത്ത ആശങ്ക അറിയിച്ചിരുന്നു.