scorecardresearch

ഡിജിപി നിയമനം യുപിഎസ്‌സിക്ക് നൽകി സുപ്രീം കോടതി വിധി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്

ഡിജിപി നിയമനം യുപിഎസ്‌സിക്ക് നൽകി സുപ്രീം കോടതി വിധി

ന്യൂഡൽഹി: പൊലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശം. ഡിജിപിമാരെ നിയമിക്കാനുളള ചുമതല യുപിഎസ്‌സിക്ക് നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തർ പ്രദേശ് മുൻ ഡിജിപി പ്രകാശ് സിങ് നൽകിയ ഹർജിയിലാണ് വിധി.

പ്രകാശ് സിങ് ഡിജിപി ആയിരിക്കെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അദ്ദേഹത്തെ മാറ്റുകയും പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ അദ്ദേഹം കോടതിയിൽനിന്നും അനകൂലമായ വിധി നേടി. ഇതിനു പിന്നാലെയാണ് ഡിജിപിമാരെ നിയമിക്കുന്നതിന് സ്ഥിരം ഒരു മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മറ്റൊരു ഹർജി സുപ്രീം കോടതിയിൽ നൽകിയത്. ഇതിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്.

ചുമതലയുളള ഡിജിപി വിരമിക്കുന്നതിന് മൂന്നു മാസം മുമ്പ് പുതുതായി നിയമിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഒരു പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കണമെന്ന് സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശമുണ്ട്. ഈ പട്ടിക സംസ്ഥാനം യുപിഎസ്‌സിക്ക് അയയ്‌ക്കണം. യുപിഎസ്‌സി പട്ടിക പരിശോധിച്ച് പട്ടികയിലുളളവരുടെ സേവനങ്ങൾ വിലയിരുത്തിയ ശേഷം മൂന്നുപേരുടെ പാനൽ തയ്യാറാക്കും. ഈ പാനലിൽനിന്നും വേണം സംസ്ഥാന സർക്കാർ നിയമനം നടത്താൻ. ഇങ്ങനെ നിയമിക്കുന്നവർക്ക് മിനിമം രണ്ടു വർഷം സേവനം ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശത്തിലുണ്ട്. താൽക്കാലിക ഡിജിപിമാരെ സംസ്ഥാന സർക്കാരുകൾക്ക് നിയമിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Appointment of dgp to upsc supreme court order

Best of Express