മൈക്രോ ബ്ലോഗിങ് സേവന ദാതാക്കളായ ട്വിറ്ററിന് ആഭ്യന്തര തർക്ക പരിഹാര ഉദ്യോഗസ്ഥനെ നിയമിച്ചത് രേഖപ്പെടുത്തുന്നതിനായി ഡൽഹി ഹൈക്കോടതി മൂന്നാഴ്ച സമയം നൽകി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്വിറ്റർ 2021ലെ പുതിയ ഐടി ചട്ടങ്ങൾ അനുസരിക്കുന്നില്ല എന്നാരോപിച്ചുകൊണ്ടുള്ള ഹർജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചു.
നിയമങ്ങൾ പാലിച്ചാണ് മെയ് 28 നാണ് ഉദ്യോഗസ്ഥനെ നിയമിച്ചതെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. അടുത്ത വാദം കേൾക്കുന്നതിനായി ജസ്റ്റിസ് രേഖ പാല്ലിയുടെ ബഞ്ച് കേസ് ജൂലൈ ആറിലേക്ക് ലിസ്റ്റ് ചെയ്തു.
അഭിഭാഷകരായ ആകാശ് വാജ്പേയ്, മനീഷ് കുമാർ എന്നിവർ വഴി അഭിഭാഷകൻ അമിത് ആചാര്യ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. “അപകീർത്തികരവും വ്യാജവും അസത്യവുമായ” ട്വീറ്റുകൾ രണ്ട് വെരിഫൈഡ് യൂസർമാർ നടത്തിയതായും ആഭ്യന്തര തർക്കപരിഹാര ഉദ്യോഗസ്ഥർക്ക് മുൻപാകെ പ്രശ്നം ഉന്നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആചാര്യ തന്റെ ഹർജിയിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും പത്രപ്രവർത്തക സ്വാതി ചതുർവേദിയുമാണ് ആ ട്വീറ്റുകൾ നടത്തിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.
Read More: ട്വിറ്റർ അല്ല തീരുമാനിക്കേണ്ടത്; ഐടി നയങ്ങളുമായി ഒത്തുപോകാൻ തയ്യാറാവണമെന്ന് കേന്ദ്രം
“എന്നിരുന്നാലും, പരാതിക്കാരന് തന്റെ പരാതി അറിയിക്കാനായി ട്വിറ്ററിന്റെ വെബ്സൈറ്റിൽ ആഭ്യന്തര പരാതിപരിഹാര സംവിധാനത്തെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല,” ഹരജിയിൽ പറയുന്നു. ട്വീറ്റുകൾ സംബന്ധിച്ച് ട്വിറ്ററിലേക്ക് ഒരു ഇമെയിൽ അയച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
ട്വിറ്റർ ഒരു യുഎസ് ജീവനക്കാരനെ തർക്കപരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുണ്ടെന്നും എന്നാൽ “2021ലെ ഐടി നിയമത്തിന്റെ യഥാർത്ഥ അർത്ഥത്തിൽ ഇത് നടപ്പാക്കുന്നില്ല” എന്നും ഹർജിക്കാരൻ വാദിച്ചു.
“അപകീർത്തികരവും അസത്യവും തെറ്റായതുമായ ട്വീറ്റുകൾക്കെതിരെ എതിർപ്പും പരാതിയും ഉന്നയിക്കാൻ പരാതിക്കാർക്ക് ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ 2021 പ്രകാരം നിയമപരവുമായ അവകാശമുണ്ട്,” എന്നും ഹർജിയിൽ പറയുന്നു.