ന്യൂഡല്‍ഹി: കാണാതായ സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി സ്വന്തം കൊലപാതകം റെക്കോര്‍ഡ് ചെയ്ത് വെച്ചിരിക്കാമെന്ന് തുര്‍ക്കിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിലേക്ക് കയറും മുമ്പ് തന്റെ ആപ്പിള്‍ വാച്ചിലെ റെക്കോര്‍ഡിംഗ് സംവിധാനം ഖഷോഗി ഓണ്‍ ചെയ്തതായാണ് സബാ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോദ്യം ചെയ്തും ചിത്രം വധം ചെയ്തതിനും ശേഷം കൊലപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം തന്റെ ആപ്പിള്‍ വാച്ചില്‍ പകര്‍ത്തി ഐഫോണിലേക്കും ഐക്ലൗഡിലേക്കും യഥാസമയം അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖഷോഗിയുടെ വധത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും ഇതില്‍ ഉളളതായും വിവരമുണ്ട്.
പ്രതിശ്രുതവധുവിന്റെ പക്കലാണ് അദ്ദേഹത്തിന്റെ ഫോണ്‍ ഉളളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഖഷോഗിയുടെ ആപ്പിള്‍ ഫോണ്‍ ആദ്യം അക്രമികള്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വിജയിച്ചില്ല. പിന്നീട് അദ്ദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ച് തുറന്നു ഇതിന് ശേഷം ചില ശബ്ദരേഖകള്‍ മാത്രം ഡിലീറ്റ് ചെയ്യുന്നതില്‍ വിജയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആപ്പിള്‍ വാച്ചുകളില്‍ വിരലടയാളം ഉപയോഗിച്ച് ഇതുവരെയും ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിട്ടില്ല എന്നത് തുര്‍ക്കിഷ് പത്രത്തിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നുണ്ട്.
ഖഷോഗിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ വന്ന അദ്ദേഹം ഉച്ചയോടെ കോണ്‍സുലേറ്റ് വിട്ടെന്നും സൗദി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അകത്തേക്ക് പോയ ഖഷോഗി തിരികെ വന്നില്ലെന്നാണ് പ്രതിശ്രുതവധുവായ ഹാറ്റിസ് സെന്‍ജിസ് പറയുന്നത്. അദ്ദേഹം കോണ്‍സുലേറ്റ് വിട്ടതിന് തെളിവ് നല്‍കണമെന്ന് തുര്‍ക്കി സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖഷോഗിയെ സൗദി കോണ്‍സുലേറ്റിന് അകത്ത് വെച്ച് കൊലപ്പെടുത്തിയതിന് വീഡിയോ-ഓഡിയോ തെളിവുകള്‍ തുര്‍ക്കിഷ് അധികൃതരുടെ കൈയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എങ്ങനെയാണ് ഈ തെളിവുകള്‍ ലഭിച്ചതെന്ന് വ്യക്തമല്ല.
ജമാൽ ഖഷോഗി തിരോധാനവുമായി ബന്ധപ്പെട്ടു സൗദി ഭരണാധികാരി സല്മാന് രാജാവുമായി ടെലിഫോണിൽ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അനേകം പേർ. നിലവിൽ ആർക്കും ഇതിനെ കുറിച്ച് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഖഷോഗിയെ ഒക്ടോബർ രണ്ടു മുതൽ കാണാതായിരുന്നു. ഖഷോഗി സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ തുർക്കിയുടെ പക്കലുണ്ടെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചിരുന്നു.