പ്രളയക്കെടുതിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന്  തിരുവോണ നാളിൽ സന്തോഷമേകുന്ന വാർത്തയുമായി അമേരിക്കൻ ടെക് ഭീമൻ ആപ്പിളും. കേരളത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ നൽകുമെന്ന് ആപ്പിൾ കമ്പനി അറിയിച്ചു.

കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയക്കെടുതിയില്‍ ഏറെ വേദനയുണ്ടെന്നും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങള്‍ ഏഴ് കോടി രൂപ സംഭാവനയായി നൽകുമെന്നുമാണ് ആപ്പിൾ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും പ്രളയബാധിതരെ സഹായിക്കാനും സ്കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയും ആപ്പിൾ നൽകുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആപ്പിൾ ഉപയോക്താക്കള്‍ക്കായി ഡൊണേഷൻ ബട്ടൺ സൗകര്യവും ആപ്പിൾ ഒരുക്കിയിട്ടുണ്ട്. ആപ് സ്‌റ്റോറിലും ഐ ട്യൂണ്‍സിലും ഈ ഡൊണേഷൻ ബട്ടണുകള്‍ കാണാം.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ മെഴ്സി കോർപ്സുമായി സഹകരിച്ചാണ് ആപ്പിൾ ഈ സംവിധാനമൊരുക്കിയിരിക്കുന്നത്. ഈ സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴി അഞ്ച് ഡോളര്‍ മുതൽ 200 ഡോളര്‍ വരെ സംഭാവന നല്‍കാൻ സാധിക്കും.

വെബ്‌സൈറ്റിന്റെ ഹോംപേജില്‍ കേരളത്തെ പിന്തുണച്ചുകൊണ്ടുള്ള ബാനറും ആപ്പിള്‍ നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook