/indian-express-malayalam/media/media_files/uploads/2022/06/279093882_1445146752603338_5686282835462058302_n.jpg)
ന്യൂഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശത്തിൽ ബിജെപി നേതാവ് നൂപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. തനിക്കെതിരായ എഫ്‌ഐആർ ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമയുടെ ആവശ്യവും കോടതി നിരസിച്ചു.
പ്രവാചകനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ ബിജെപി നേതാവിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. തന്റെ വിവാദപരമായ പരാമർശത്തിലൂടെ രാജ്യത്തുടനീളം മതവികാരം ആളിക്കത്തിച്ചുവെന്ന് ആരോപിച്ച സുപ്രീം കോടതി, അവർ രാജ്യത്തോട് മാപ്പ് പറയണമെന്ന് പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് നൂപൂർ ശർമ മാത്രമാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതി പറഞ്ഞു. ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് ഉത്തരവാദിയും നൂപൂർ ശർമയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായാണ് നൂപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ചാനൽ സംവാദത്തിനിടെ പ്രവാചകനെക്കുറിച്ചുള്ള മോശം പരാമർശത്തെത്തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രവാചകനെതിരായ അവരുടെ പരാമർശങ്ങൾ ഒന്നുകിൽ വിലകുറഞ്ഞ പ്രചാരണത്തിനോ രാഷ്ട്രീയ അജണ്ടയ്‌ക്കോ അല്ലെങ്കിൽ ചില നീചമായ പ്രവർത്തനങ്ങൾക്കോ വേണ്ടി നടത്തിയതാണെന്ന് സുപ്രീം കോടതി പറഞ്ഞു. തന്റെ പരാമർശത്തിൽ അവർ മാപ്പ് പറഞ്ഞതായി ശർമ്മയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ചൂണ്ടിക്കാട്ടി. അവർ ടിവിയിൽ പോയി രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. മാപ്പുപറയാനും പ്രസ്താവന പിൻവലിക്കാനും അവർ വൈകിപ്പോയെന്ന് സുപ്രീം കോടതി പറഞ്ഞു.
Read More: Top News Live Updates: രാജ്യത്ത് 17070 പുതിയ കോവിഡ് കേസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.