വിജയവാഡ: ബോട്ട് പുഴയിലിറക്കരുതെന്ന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് അവഗണിച്ച് പുഴയിലിറക്കിയ ബോട്ട് മറിഞ്ഞാണ് കൃഷ്ണ നദിയിൽ 20 പേർ മരിച്ചതെന്ന് വ്യക്തമായി. ഉദ്യോഗസ്ഥൻ ബോട്ടിറക്കുന്നത് വിലക്കുന്ന വീഡിയോ പുറത്തു വന്നു. പെര്‍മിറ്റില്ലാത്ത ബോട്ട് പുഴയിലിറക്കരുതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. എബിഎന്‍ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്.

വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 20 പേര്‍ ദുരന്തത്തില്‍ മരിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത ബോട്ടില്‍ താങ്ങാവുന്നതില്‍ അധികം യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണം. 38 പേര്‍ സഞ്ചരിച്ച ബോട്ടില്‍ വെറും രണ്ടു ലൈഫ് ജാക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

മല്ലേശ്വര റാവു എന്ന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനാണ് അനുമതിയില്ലാതെ ബോട്ട് വെള്ളത്തിലിറക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. ആളുകളെ കടത്താന്‍ മറ്റ് ബോട്ടുകളുണ്ടെന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ബോട്ട് ഉപയോഗിക്കരുതെന്നും റാവു മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയില്‍ കാണാം. ഈ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ബോട്ട് അപകടത്തില്‍ പെടുന്നത്.

ബോട്ട് വളയ്ക്കുന്ന സമയം ആളുകള്‍ ഇരുന്ന പ്ലാസ്റ്റിക് കസേരകള്‍ മുഴുവന്‍ ഒരു വശത്തേക്ക് നീങ്ങിയതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ