ന്യൂഡൽഹി: എ.പി.അബ്‌ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പുതിയതായി പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള 12 വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ കേരളത്തിൽ നിന്നു ഇടംനേടിയ ഏക നേതാവാണ് അബ്‌ദുള്ളക്കുട്ടി.

രമൺ സിങ്, വസുന്ധര രാജ സിന്ധ്യ, രാധാ മോഹൻ സിങ്, ബൈജയന്ത് ജെ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ, കെ.അരുണ, ചുബാ വോ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ.

ജെപി. നദ്ദ ദേശീയ പ്രസിഡന്റായി ചുമതലയേറ്റ് എട്ടു മാസത്തിനു ശേഷമാണു പൃുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എട്ട് ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് സെക്രട്ടറിമാർ, 13 സെക്രട്ടറിമാർ എന്നിങ്ങനെ ഭാരവാഹിത്വത്തിൽ ഏറെക്കുറെ പൂർണ അഴിച്ചുപണി നടന്നിട്ടുണ്ട്.

മുന്‍ ദേശീയ അധ്യക്ഷ്യന്‍ അമിത് ഷായുടെ ടീമില്‍ ജനറല്‍ സെക്രട്ടറിമാരായിരുന്ന രാം മാധവ്, പി മുരളീധര്‍ റാവു, അനില്‍ ജെയിന്‍, സരോജ് പാണ്ഡെ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം, കേന്ദ്രമന്ത്രിസഭാ വിപുലീകരണമുണ്ടെന്നും ദേശീയ നേതൃത്വത്തില്‍നിന്നു പുറത്തുപോകുന്ന ചിലരെ മറ്റ് ഉത്തരവാദിത്തങ്ങളിലേക്കു പരിഗണിച്ചേക്കുമെന്നും ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഭൂപേന്ദര്‍ യാദവ്, അരുണ്‍ സിങ്, കൈലാഷ് വിജയ് വര്‍ഗിയ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി നിലനിര്‍ത്തി. ഇവര്‍ക്കൊപ്പം ദുഷ്യന്ത് കുമാര്‍ ഗൗതം,സിടി രവി (കര്‍ണാകട എംഎല്‍എ), മുന്‍ കേന്ദ്രമന്ത്രി ഡി പുരന്ദരേശ്വരി, തരുണ്‍ ചുഗ്, ദിലീപ് സൈകിയ എംപി എന്നിവരെയും ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷും ജോയിന്റ് സെക്രട്ടറിമാരായി വി സതീഷ്, സൗദന്‍ സിങ്, ശിവപ്രകാശ് എന്നിവരും തുടരും. പുതിയ 13 സെക്രട്ടറിമാരില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള പങ്കജ മുണ്ടെയെ ഉള്‍പ്പെടുത്തി.

രാജേഷ് അഗര്‍വാളാണു പുതിയ ട്രഷറര്‍. പീയൂഷ് ഗോയലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതു മുതല്‍ ട്രഷറര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തേജ്വസി സൂര്യയെ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു.

കേരളത്തിൽനിന്നുള്ള ടോം വടക്കനും കർണാകടകയിൽനിന്നുള്ള രാജ്യസഭാ എംപിയും മലയാളിയുമായ രാജീവ് ചന്ദ്രേശഖർക്കും ദേശീയ വക്‌താവ് പദവി നൽകിയിട്ടുണ്ട്. നേരത്തെ സിപിഎമ്മിൽ നിന്നു കോൺഗ്രസിലെത്തുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്‌ത നേതാവാണ് അബ്‌ദുള്ളക്കുട്ടി. കോൺഗ്രസ് ദേശീയ വക്‌താവായിരുന്നു ഇപ്പോൾ ബിജെപി ദേശീയ വക്‌താവായി ചുമതല ലഭിച്ച ടോം വടക്കൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook