ബത്തേരി: രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും അതറിയാമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബത്തേരിയിലെ യാത്രാനിരോധന സമരത്തിന് പിന്തുണയുമായെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

”രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരു രഹസ്യമല്ല. സത്യത്തില്‍ ലോകത്തിന് തന്നെ അറിയാമത്. നമ്മള്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ്. വളരെ വ്യക്തമാണത്. പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ എന്തെങ്കിലും പറയുന്നവരെയെല്ലാം ജയിലിലിടുകയാണ്. മാധ്യമ മേഖല അടിച്ചമര്‍ത്തപ്പെട്ടു” രാഹുല്‍ പറഞ്ഞു. ബത്തേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

Read More: ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് മോദിക്ക് കത്ത്; അടൂരും മണിരത്നവും അടക്കം പ്രമുഖർക്കെതിരെ എഫ്ഐആർ

ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫര്‍പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ പ്രവര്‍ത്തകരായ ശ്യാം ബെനഗല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശുഭ മുദ്ഗല്‍, സുമിത്ര സെന്‍, മണിരത്‌നം, രേവതി, അപര്‍ണ സെന്‍, കൊങ്കണ സെന്‍ അടക്കം 49 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

ജൂലൈ 27 ന് അഡ്വ.സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യ കാന്ത് തിവാരിയാണ് സദര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുത കേസുകളില്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ രാജ്യത്തിന്റെ പേരിനു കളങ്കം വരുത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഓജയുടെ ഹര്‍ജിയിലെ ആരോപണം. ഓഗസ്റ്റ് 20നാണ് കത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. സദര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഹരേറാം പസ്വാനാണ് കേസന്വേഷണ ചുമതല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook