ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എന്ന ആശയത്തെ സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്യുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തങ്ങളോട് കളിക്കാന്‍ വരുന്നവരെ ചിതറിച്ചുകളയുമെന്നും കൊല്‍ക്കത്തയിലെ ഈദ് ആഘോഷത്തിനിടയില്‍ മമത പറഞ്ഞു.

“ഹിന്ദുക്കള്‍ നിലകൊള്ളുന്നത് ത്യാഗം ചെയ്യുന്നതിനാണ്. മുസ്ലീങ്ങള്‍ ഐക്യത്തിന് വേണ്ടി, ക്രിസ്ത്യാനികള്‍ സ്‌നേഹത്തിനും സിഖുക്കാര്‍ പരിത്യാഗത്തിനും വേണ്ടി. ഇതാണ് ഹിന്ദുസ്ഥാന്‍ എന്ന ആശയം. ഈ ആശയത്തെ സംരക്ഷിക്കാന്‍ തൃണമൂല്‍ എന്നും നിലകൊള്ളും. ഞങ്ങളോട് ആരെങ്കിലും തര്‍ക്കിക്കാന്‍ വന്ന അവരെ ചിതറിച്ചുകളയും” – മമത ബാനര്‍ജി പറഞ്ഞു.

Read More: ബംഗാളില്‍ വട്ടപൂജ്യം; കേരളത്തിലുള്ളത് ഒരു തരി കനല്‍

“ഇവിടെ ഭയപ്പെടാനായി ഒന്നുമില്ല. പലപ്പോഴും സൂര്യന്‍ ഉദിക്കുമ്പോള്‍ അതിന് വളരെ കാഠിന്യമുണ്ടായിരിക്കാം. എന്നാല്‍, പിന്നീട് അതിന് പ്രഭ ഇല്ലാതാകും. ഭയപ്പെടേണ്ട, വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുത്തതിനേക്കാള്‍ വേഗത്തില്‍ ബിജെപി ഇവിടെ ഇല്ലാതാകും” – മമത കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. ഇത് മമത ബാനര്‍ജിക്കും തൃണമൂലിനും തിരിച്ചടിയായി.

അതേസമയം, സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയി എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു എന്നും ബംഗാള്‍ സംസ്ഥാന സമിതിക്ക് ശേഷം സീതാറാം യെച്ചൂരി പ്രതികരിച്ചു. ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് ഇത്തവണ വിജയിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ആവശ്യത്തില്‍ ബംഗാള്‍ ഘടകം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

Read More: ‘രാജി സന്നദ്ധത അറിയിച്ചിരുന്നു’; ജനാധിപത്യത്തെ പണം ഭരിക്കുന്നുവെന്നും മമത

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്തവര്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തതായി യെച്ചൂരി പറഞ്ഞു. ഇതുകൊണ്ടാണ് ബിജെപിക്ക് 18 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ്. ബിജെപിയും തൃണമൂലും നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമായാണിത്. പാര്‍ട്ടി അംഗങ്ങളുടെ വോട്ടല്ല ബിജെപിയിലേക്ക് പോയതെന്നും ഇടത് അനുകൂലികളുടെ വോട്ടാണ് നഷ്ടമായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook