അഗര്‍ത്തല: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയിലെ മുസ്ലിങ്ങളും യഥാർത്ഥത്തില്‍ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. അഗര്‍ത്തലയില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുയിസവും ഹിന്ദുത്വവും തമ്മില്‍ വ്യത്യാസമുണ്ട്. ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കുക എന്നതാണ്. ആര്‍എസ്എസിന് ആരോടും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ഞങ്ങളുടെ ആവശ്യം. എല്ലാവരെയും ഒന്നിപ്പിച്ചു നിര്‍ത്തുക എന്നതാണ് ഹിന്ദുത്വത്തിന്റെ യഥാര്‍ഥ അര്‍ത്ഥമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ലോകത്തിന്റെ ഏതു ഭാഗങ്ങളിലും അതിക്രമങ്ങള്‍ക്കിരയാകുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ അഭയമാകുന്നു. പണ്ടുമുതലേ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടായിരുന്നു. സംഘടിക്കുന്നതിലൂടെയാണ് ശക്തി കൈവരിക്കാനാകുക. അത് പ്രകൃതി നിയമവുമാണ്- അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ ഒന്നിച്ചു നില്‍ക്കുകയും ശാഖകളില്‍ പരിശീലനം നേടുകയും ചെയ്യണം. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനും സ്വന്തം ബൗദ്ധിക വളര്‍ച്ചയ്ക്കും അതാണ് ശരിയായ മാര്‍ഗം. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സനാതന ധര്‍മം ആവശ്യപ്പെടുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ