സാമൂഹിക പ്രശ്‌നങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നടിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ആളാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സർക്കാരിനെതിരായ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ തെരുവിലിറങ്ങിയ അനുരാഗ് ഭീരുക്കളും അഹങ്കാരികളും വിദ്യാഭ്യാസമില്ലാത്തവരുമാണ് കേന്ദ്രം ഭരിക്കുന്നതെന്നും അധികാരത്തിൽ കടിച്ചുതൂങ്ങാൻ അവർ എന്തും ചെയ്യുമെന്ന് വിമർശിച്ചിരുന്നു. ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായാണ് അനുരാഗ് കശ്യപ് രംഗത്തെത്തിയത്.

Read More: മോദിയും അമിത് ഷായും ഗുണ്ടാസംഘങ്ങളെ വാർത്തെടുക്കുന്നു: അനുരാഗ് കശ്യപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി തന്റെ ജനന സർട്ടിഫിക്കറ്റും അച്ഛന്റെയും കുടുംബത്തിന്റെയും ജനന സർട്ടിഫിക്കറ്റുകളും മുഴുവൻ രാജ്യത്തിനും കാണിച്ചുകൊടുക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരിൽ നിന്ന് രേഖകൾ ചോദിക്കാൻ കഴിയൂ എന്നും ചലച്ചിത്രകാരൻ പറഞ്ഞു. സിഎഎയ്ക്ക് എതിരായ ഹാഷ്ടാഗുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർഥികൾക്ക് മാത്രം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് സൗകര്യമൊരുക്കുന്ന സി‌എ‌എയ്‌ക്കെതിരെ പ്രതിഷേധിച്ച അനുരാഗ് കശ്യപ്, മോദിയുടെ പൊളിറ്റിക്കൽ സയൻസിലുള്ള ബിരുദ സർട്ടിഫിക്കറ്റ് കാണിച്ചു തരാൻ കഴിഞ്ഞദിവം പറഞ്ഞിരുന്നു.ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്.

മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് നേരത്തേ വിമർശിച്ചിരുന്നു. ചോദ്യം ചോദിക്കുന്നവർ ദേശ ദ്രോഹികളും, മോദി ഭക്തർ മാത്രം ദേശ സ്നേഹികളുമായുള്ള ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

മോദിയും അമിത് ഷായും രാജ്യത്ത് മുഴുവൻ ഗുണ്ടാസംഘങ്ങളെ വാർത്തെടുക്കുകയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾ തൊട്ട് പതിയെ പതിയെ ഇത്തരത്തിൽ​ ഒരവസ്ഥ ഉണ്ടാക്കിയെടുക്കുകയായിരുന്നു ബിജെപിയെന്നും അക്രമമാണ് അവരുടെ പാതയെന്നും അനുരാഗ് കശ്യപ് വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook