/indian-express-malayalam/media/media_files/uploads/2020/01/Modi-shah-anurag.jpg)
മുംബൈ: നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവർ ദേശ ദ്രോഹികളും, മോദി ഭക്തർ മാത്രം ദേശ സ്നേഹികളുമായുള്ള ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
മോദിയും അമിത് ഷായും രാജ്യത്ത് മുഴുവൻ ഗുണ്ടാസംഘങ്ങളെ വാർത്തെടുക്കുകയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾ തൊട്ട് പതിയെ പതിയെ ഇത്തരത്തിൽ ഒരവസ്ഥ ഉണ്ടാക്കിയെടുക്കുകയായിരുന്നു ബിജെപിയെന്നും അക്രമമാണ് അവരുടെ പാതയെന്നും അനുരാഗ് കശ്യപ് വിമർശിച്ചു.
Read More: ജെഎൻയു സന്ദർശനം: ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം
നിലവിലെ സർക്കാർ സംവാദങ്ങളിൽ വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രി മൻ കി ബാത്ത് എന്ന പേരിൽ അദ്ദേഹത്തിന്റെ മനസിലുള്ളത് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ മനസിൽ എന്താണ് ഉള്ളതെന്ന് അറിയാൻ സർക്കാരിന് താത്പര്യമില്ലെന്നും അതിന് അവസരം ലഭിക്കുന്നില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
അനുരാഗ് കശ്യപിന് പുറമേ ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്‌വാജ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി ബോളിവുഡ് താരം ദീപിക പദുക്കോൺ ജെഎൻയുവിലെത്തി വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.