മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗം എന്നാണ് അനുരാഗ് കശ്യപ് തന്റെ ട്വീറ്റിൽ വിശേഷിപ്പിച്ചത്.

“നമ്മുടെ ആഭ്യന്തരമന്ത്രി എത്ര ഭീരുവാണ്. സ്വന്തം പൊലീസ്, സ്വന്തം ഗുണ്ടകൾ, സ്വന്തം സൈന്യം എന്നിവ ഉപയോഗിച്ച് സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. വിലകേടിന്റേയും അപകർഷതയുടെയും പരിധി ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കിൽ അത് അമിത് ഷായാണ്. ചരിത്രം ഈ മൃഗത്തെ തുപ്പും,” എന്നാണ് അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചത്.

ഡല്‍ഹിയില്‍ ബിജെപി നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധിച്ചയാളെ ബിജെപി അനുയായികള്‍ മർദിച്ച സംഭവത്തിലായിരുന്നു അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയത്.

Read More: ഇന്ത്യയുംഎയർ, എയർ ഇന്ത്യ എക്‌സ്‌പ്രസും വിൽപനയ്ക്ക്; മുഴുവൻ ഓഹരിയും വിൽക്കുന്നു

ആഭ്യന്തര മന്ത്രിയെ വിമർശിക്കാൻ അനുരാഗ് കശ്യപ് ഉപയോഗിച്ച ഭാഷ വളരെ മോശമായെന്ന് പല ട്വിറ്റർ ഉപയോക്താക്കളും വിമർശിച്ചു. സിഎഎയ്ക്ക് എതിരെ രംഗത്ത് വന്ന അനുരാഗ് കശ്യപ്, കശ്മീരി പണ്ഡിറ്റുകളെ ആക്രമിച്ച് പുറത്താക്കുമ്പോൾ എവിടെയായിരുന്നുവെന്ന് മറ്റൊരാൾ ചോദിച്ചു.

ആഭ്യന്തര മന്ത്രിയെ വിമർശിച്ച് അനുരാഗ് കശ്യപ് രംഗത്തെത്തുന്നത് ഇതാദ്യമല്ല. അമിത് ഷായും മോദിയും രാജ്യത്ത് ഗുണ്ടാ സംഘങ്ങളെ വാർത്തെടുക്കുകയാണെന്ന് അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. അക്രമമാണ് ബിജെപിയുടെ പാതയെന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

നിലവിലെ സർക്കാർ സംവാദങ്ങളിൽ വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രി ‘മൻ കി ബാത്’ എന്ന പേരിൽ അദ്ദേഹത്തിന്റെ മനസിലുള്ളത് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ മനസിൽ എന്താണ് ഉള്ളതെന്ന് അറിയാൻ സർക്കാരിന് താത്പര്യമില്ലെന്നും അതിന് അവസരം ലഭിക്കുന്നില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook