ന്യൂഡൽഹി:  സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കംറയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻഡിഗോ വിമാന യാത്ര ഒഴിവാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഇൻഡിഗോയ്ക്കു പകരം വിസ്താരയിലാണ് അനുരാഗ് ഇന്ന് യാത്ര കൊൽക്കത്തയിലേക്കു യാത്ര ചെയ്തത്.

ഇൻഡിഗോയ്ക്കു പുറമെ എയർ ഇന്ത്യ, ഗോ എയർ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലും യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കിയിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ പ്രമുഖ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കംറയെ നാല് വിമാനക്കമ്പനികൾ  വിലക്കിയത്.

Read More: ഇൻഡിഗോയോട് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കുനാൽ കംറ; മാപ്പ് പറയണമെന്നും താരം

“ഞാൻ നാല് മണിക്ക് എഴുന്നേൽക്കും, പക്ഷെ ഇൻഡിഗോയിൽ യാത്ര ചെയ്യില്ല,” അനുരാഗ് കശ്യപ് ദി ടെലിഗ്രാഫിനോട് പറഞ്ഞു. വിസ്താരയിലാണ് അനുരാഗ് കശ്യപ് യാത്ര ചെയ്തത്. കുനാൽ കംറയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താൻ ഇൻഡിഗോ ഉൾപ്പെടെയുള്ള എയർലൈനുകൾ ബഹിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനായാണ് അനുരാഗ് കശ്യപ് കൊൽക്കത്തയിൽ എത്തിയത്. കാര്യങ്ങൾ ഇങ്ങനെയെല്ലാം സംഭവിച്ചതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

“കുനാൽ കംറയെ എയർ ഇന്ത്യയിൽ കയറ്റാൻ അനുവദിക്കില്ലെന്നും മറ്റ് എയർലൈനുകൾ ഇത് പിന്തുടരണമെന്നും ഒരു മന്ത്രി അഭ്യർഥിക്കുന്നു. സർക്കാരിനെ പ്രീണിപ്പിക്കാൻ വിമാനക്കമ്പനികൾ ശ്രമിക്കുന്നു. സർക്കാർ ഭീഷണിപ്പെടുത്തുകയും സർക്കാരിനെ പ്രീണിപ്പിക്കാൻ മറ്റുള്ളവർ അത് അനുസരിക്കുകയും ചെയ്യുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഒരു ഔദ്യോഗിക അറിയിപ്പുമില്ലാതെ, യാതൊരു അന്വേഷണവുമില്ലാതെ അവർ അദ്ദേഹത്തെ വിലക്കുന്നു. പൈലറ്റുമാരോട് സംസാരിക്കാൻ പോലും അവർ ശ്രമിച്ചില്ല. ഇത് അഹങ്കാരമാണ്. സർക്കാരിന്റെ ഭീഷണിയാണ്. കുനാൽ കംറയെ യാത്ര ചെയ്യാൻ അനുവദിക്കുന്നതു വരെ ഞാൻ ഈ നാല് എയർലൈനുകളിലും യാത്ര ചെയ്യില്ല,” അനുരാഗ് കശ്യപ് പറഞ്ഞു.

തിങ്കളാഴ്ച വിസ്താരയിൽ സഞ്ചരിച്ച കുനാൽ കംറയും തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വിസ്താരയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുനാലിന്റെ പോസ്റ്റ്.

അനുരാഗ് കശ്യപ് മാത്രമല്ല, മറ്റ് ബോളിവുഡ് താരങ്ങളും കംറയ്ക്ക് പിന്തുണ നൽകി. ഹൻസൽ മേത്ത, സ്വര ഭാസ്‌കർ, അനുഭവ് സിൻഹ, വിജയ് വർമ, രവീണ ടാണ്ടൻ തുടങ്ങിയവർ സംഭവത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍വച്ചാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്. സഹയാത്രികനായിരുന്ന അര്‍ണാബിനെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ കുനാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ ഹീറോയ്ക്കു വേണ്ടി, എന്റെ രോഹിതിനുവേണ്ടി ഞാനിതു ചെയ്തു’ എന്നു പറഞ്ഞുകൊണ്ടാണു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.

കുനാല്‍ കംറയോട് പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അര്‍ണാബ്. തുടർന്നും അര്‍ണാബിനെ പരിഹസിക്കുന്ന രീതിയാണു കുനാല്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കുനാലിനെതിരെ നടപടിയെടുക്കാന്‍ വിമാന കമ്പനി തീരുമാനിച്ചത്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിന് ആറു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook