ന്യൂഡൽഹി: ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവതി കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. അനുരാധ തന്നെ മകളായി അംഗീകരിക്കണം, 50 കോടി രൂപയും അനുരാധയുടെ സ്വത്തിന്റെ നാലിലൊന്ന് ഭാഗവും തനിക്ക് നൽകണം എന്നീ ആവശ്യങ്ങളുമായാണ് തിരുവനന്തപുരത്ത് താമസിക്കുന്ന കർമല മോഡെക്സ് എന്ന യുവതി കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിനെതിരെ അനുരാധ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

കേസ് തിരുവനന്തപുരം കോടതിയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന അനുരാധയുടെ ആവശ്യത്തിൽ സുപ്രീം കോടതി യുവതിക്ക് നോട്ടീസ് അയച്ചു.

Read More: എനിക്കെന്റെ അമ്മയെ തിരിച്ചുവേണം; ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി മലയാളി

“ഗായിക അനുരാധയും സംഗീതഞ്ജനായ അരുൺ പഡ്വാളും 1969 ലാണ് വിവാഹിതയായത്. 1974 ലാണ് കർമല ജനിക്കുന്നത്. എന്നാൽ കരിയറിലെ ആദ്യനാളുകളിലെ തിരക്കുകളിൽ മകളെ നോക്കാൻ സാധിക്കാത്തതിനാൽ അനുരാധ മകളെ വർക്കല സ്വദേശിയും കുടുംബസുഹൃത്തുമായ പൊന്നച്ചനെയും ഭാര്യ ആഗ്നസിനെയും ഏൽപ്പിക്കുകയായിരുന്നു,” കോടതിയിൽ സമർപ്പിച്ച ഹർജിയിൽ യുവതി പറയുന്നു.

എന്നാൽ തനിക്ക് അങ്ങനെയൊരു മകൾ ഇല്ലെന്നും വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നും അനുരാധ നേരത്തേ വ്യക്തമാക്കിയിരുന്നു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ പഡ്വാൾ പറഞ്ഞിരുന്നു.

Read More: വിഡ്ഢികൾക്ക് മറുപടിയില്ല; ‘മകൾ’ വിവാദത്തിൽ അനുരാധ പഡ്വാൾ

കർമല ഒരു മനോരോഗിയണെന്നും അനുരാധയുടെ മകൾ കവിത 1974 ൽ ജനിച്ചതിനാൽ കർമലയുടെ അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും അനുരാധ പഡ്വാളിന്റെ വക്താവാണ് വ്യക്തമാക്കിയത്. ആരോപണവുമായി എത്തിയ യുവതി അനുരാധയുടെ ഭർത്താവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. എന്നാൽ അദ്ദേഹം കുറച്ചുനാൾ മുമ്പ് മരിച്ചുപോയെന്ന കാര്യം പോലും കർമലയ്ക്ക് അറിയില്ലെന്നും വക്താവ് പറഞ്ഞിരുന്നു.

പത്മശ്രീ, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ അനുരാധ പഡ്വാള്‍ നാലു തവണ ഫിലിം ഫെയര്‍ പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്. ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങളെന്ന പോലെ നിരവധി ഭജനുകളും അവര്‍ പാടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook