പുണെ: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പ്രശസ്ത നടന്‍ അനുപം ഖേറിനെ നിയമിച്ചു. നടനും ബിജെപി അംഗവും കൂടിയായിരുന്ന ഗജേന്ദ്ര ചൗഹാനു പകരക്കാരനായാണ് അനുപം ഖേറിന്റെ നിയമനം.

നേരത്തേ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ വിദ്യാർഥി പ്രക്ഷോഭം  നടന്നിരുന്നു. എഫ്‌ ടി ഐ ഐ ചെയര്‍മാനാകാനുള്ള യോഗ്യത ഗജേന്ദ്ര ചൗഹാനില്ലെന്ന് അന്ന് അനുപം ഖേറും പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും ബി ജെപിയുടെ ചണ്ഡീഗഡിൽ നിന്നുളള എം പിയുമായ കിരൺ ഖേർ പറഞ്ഞതായും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അസഹിഷ്ണുതയ്ക്കെതിരായി സാഹിത്യകാരും സാംസ്കാരിക പ്രവർത്തകരും ബി ജെ പി സർക്കാരിനും സംഘപരിവാരിനും എതിരെ രംഗത്തു വന്നപ്പോൾ അവരെ എതിർത്ത് മുൻനിരയിൽ നിന്നയാളാണ് അനുപംഖേർ.

നേരത്തേ ഗജേന്ദ്ര ചൗഹാന്റെ യോഗ്യത ചോദ്യം ചെയ്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ചൗഹാനെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുതലെടുത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. ബിആര്‍ ചോപ്രയുടെ മഹാഭാരതം ടെലിവിഷന്‍ സീരിയലിലെ യുധിഷ്ഠിരന്റെ വേഷം മാത്രമാണ് യോഗ്യതയെന്ന ആരോപണവും നിലനിന്നിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, മുകേഷ് ഖന്ന, ഗിരീഷ് കര്‍ണാട് തുടങ്ങിയവര്‍ മുമ്പ് ഈ സ്ഥാനത്ത് ഇരുന്നവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ