ന്യൂഡല്‍ഹി: ആൻട്രിക്സ് ദേവാസ്‌ അഴിമതി കേസിൽ മുൻ ഐഎസ്ആര്‍ഒ ചെയർമാൻ ജി.മാധവൻ നായർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഡൽഹി സിബിഐ കോടതി ജാമ്യം അനുവദിച്ചു. മാധവൻ നായർക്ക് പുറമെ ഐഎസ്ആര്‍ഒ മുൻ ഡയറക്ടർ ഭാസ്കർ നാരായണ റാവു, ആൻട്രിക്സ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ആർ.ശ്രീധർ മൂർത്തി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

എന്നാല്‍ കോടതിയില്‍ ഹാജരാവാത്ത മറ്റ് മൂന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് ദേവാസ് എന്ന സ്വകാര്യ കമ്പനിയുമായി നടത്തിയ ബാൻഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. ഇൻസാറ്റ് ഉപഗ്രഹത്തിന്റെ എസ്‌ ബാൻഡ്, ദേവാസ് കമ്പനിക്ക് പാട്ടത്തിനു നല്‍കിയതുവഴി 570 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സിബിഐ കണ്ടെത്തൽ. മാധവൻ നായർ ഉൾപ്പെടെ ഉള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 2015 ൽ കേസ് റജിസ്റ്റർ ചെയ്ത സിബിഐ 2016 ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ