ചെന്നൈ: തൂത്തുക്കുടിയിലെ സമരത്തിനെതിരെ നടത്തിയ പൊലീസ് വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ആക്ഷന്‍ എടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകായിരുന്നുവെന്നും പ്രകോപനമുണ്ടായപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് വെടിയുതിര്‍ത്തതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് തിരഞ്ഞ് പിടിച്ച് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പ്രാദേശിക ചാനലുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂസ് 18 തമിഴ്നാട്, പുതിയ തലമുറൈ എന്നീ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു പൊലീസുകാരന്‍ വാനിനു മുകളില്‍ കയറുകയും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങളില്‍ സമരക്കാരെ അടുത്തൊന്നും തന്നെ കാണുന്നില്ല എന്നതിനാല്‍ വെടിവെപ്പ് അനിവാര്യമാണെന്ന പൊലീസ് വാദത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങള്‍.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മരണം പതിനൊന്നായി. ഒരു മാസമായി തുടരുന്ന സമരമാണ് ഇന്നലെ അക്രമാസക്തമായത്. പൊലീസ് വെടിവെപ്പിനെതിരെ സിപിഎമ്മും കോണ്‍ഗ്രസുമടക്കുമുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. അനവധിപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസൈ്വ ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ചു.
വേദാന്താ ലിമിറ്റഡ് കമ്പനിയായ സ്റ്റെര്‍ലൈറ്റ് കോപ്പറിന്റെ മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് തൂത്തുക്കുടിയില്‍ ജനങ്ങള്‍ സംഘടിക്കുന്നത്. കമ്പനി അടക്കണം എന്ന ആവശ്യമുയര്‍ത്തി ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്ത പൊലീസ് പിന്നീട് വെടിയുതിര്‍ത്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെയും പോലീസ് വെടിയുതിര്‍ത്തു.
ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു എന്നആരോപണത്തെ പൊലീസ് തള്ളി. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്നാട് പൊലീസിന്റെ വിശദീകരണം.