ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മരണം പതിനൊന്നായി. ഒരു മാസമായി തുടരുന്ന സമരമാണ് ഇന്നലെ അക്രമാസക്തമായത്. പൊലീസ് വെടിവെപ്പിനെതിരെ സിപിഎമ്മും കോണ്‍ഗ്രസുമടക്കുമുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. അനവധിപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസൈ്വ ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ചു.

വേദാന്താ ലിമിറ്റഡ് കമ്പനിയായ സ്റ്റെര്‍ലൈറ്റ് കോപ്പറിന്റെ മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് തൂത്തുക്കുടിയില്‍ ജനങ്ങള്‍ സംഘടിക്കുന്നത്. കമ്പനി അടക്കണം എന്ന ആവശ്യമുയര്‍ത്തി ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്ത പൊലീസ് പിന്നീട് വെടിയുതിര്‍ത്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെയും പോലീസ് വെടിയുതിര്‍ത്തു.

ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു എന്നആരോപണത്തെ പൊലീസ് തള്ളി. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്നാട് പൊലീസിന്റെ വിശദീകരണം.

പൊലീസ് ഭീകരതയെ അപലപിച്ചുകൊണ്ട് പ്രാതിപക്ഷ നേതാവ് എംകെ സ്റ്റാലിനും മക്കള്‍ നീതി മയ്യം നേതാവ് കമലഹാസനും മുന്നോട്ടുവന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പൊലീസ് ഭീകരതയെ ശക്തമായ ഭാഷയില്‍ അപലപിച്ചപ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നായിരുന്നു കമല്‍ഹാസന്റെ ആരോപണം.

ജനങ്ങള്‍ സമാധാനം പാലിക്കണം എന്ന് പറഞ്ഞ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിന്നീട് സംഭവത്തില്‍ ജുഡീഷ്യറി അന്വേഷണവും പ്രഖ്യാപിച്ചു. ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിക്കാവും അന്വേഷണ ചുമതല. മരണപ്പെട്ടവരുടെ കുടുംബത്തിനു പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷത്തിന്റെയും ചെറിയ പരുക്കുകളേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സംഭവത്തെ അപലപിച്ചു. ‘തമിഴ്‌നാട്ടില്‍ സ്റ്റെര്‍ലൈറ്റ് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒമ്പത് പേരെ വെടിവെച്ചുകൊന്ന സംഭവം ഭരണകൂട ഭീകരതയ്ക്ക് ഉദാഹരണമാണ്. സംഭവത്തില്‍ മരണപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്താവരോടൊപ്പമാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനയും. ‘ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

തൂത്തുക്കുടി സംഭവത്തെ തുടര്‍ന്ന് തന്റെ പൊതുപരിപാടികളെല്ലാം റദ്ദുചെയ്ത ഡിഎംകെ നേതാവ് സ്റ്റാലിന്‍ തൂത്തുക്കുടിയിലേക്ക് തിരിച്ചു. അടുത്ത ദിവസം കര്‍ണാടകയില്‍ നടക്കുന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ല എന്നും സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും സംഭവത്തില്‍ അനുശോധനം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook